മാഡ്രിഡ്: കൊവിഡ് 19 ലോകമെമ്പാടും ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ ലാ ലിഗ മത്സരങ്ങള്‍ നിര്‍ത്തിവച്ചു. ഇറ്റാലിയന്‍ ലീഗായ സീരി എ അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരുന്നു. പിന്നാലെയാണ് പുതിയ തീരുമാനം. അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗായ എന്‍ബിഎ മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു. എന്‍ബിഎ താരങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തീരുമാനം. 

രണ്ടാഴ്ചത്തേക്ക് എല്ലാ സ്പാനിഷ് ലീഗ് മത്സരങ്ങളും ഉപേക്ഷിക്കാനാണ് ലാ ലിഗ ഭരണസമിതിയുടെ തീരുമാനം.സ്ഥിതിഗതികള്‍ വഷളാകുന്ന സാഹചര്യത്തില്‍ മത്സരം നിര്‍ത്തിവെക്കുക അല്ലാതെ വേറെ രക്ഷയില്ല എന്ന് സ്പാനിഷ് എഫ് എ പറഞ്ഞു. എന്നാല്‍ ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുക. സ്‌പെയിനിലെ ലാലിഗ ഒഴികെ ഉള്ള ലീഗുകളികെ മത്സരം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ദിവസം തന്നെ നിര്‍ദേശം വന്നിരുന്നു.

ഫ്രാന്‍സില്‍ ഇപ്പോള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇംഗ്ലണ്ടിലും ജര്‍മനിയിലും ഫുട്‌ബോള്‍ ലീഗുകളുടെ കാര്യത്തില്‍ ഉടന്‍ അത്തരം തീരുമാനം ഉണ്ടായേക്കും. കൊറൊണയെ ഇനിയും തടയാനായില്ലെങ്കില്‍ യൂറോപ്പില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കുന്ന സാഹചര്യമുണ്ടാവാന്‍ സാധ്യതയേറെയാണ്. ഇതിനകം ഇറ്റലിയില്‍ കൊറോണ കാരണം ലീഗ് മത്സരങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.