മാഡ്രിഡ്: ലാലിഗയില്‍ ലെവാന്‍റെയെ തോല്‍പിച്ച് റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്ത്. സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് റയലിന്‍റെ ജയം. കരീം ബെന്‍സേമയുടെ ഇരട്ട ഗോളാണ്(25, 31) റയലിന് ജയം സമ്മാനിച്ചത്. നാല്‍പതാം മിനുറ്റില്‍ കാസെമിറോ റയലിന്‍റെ പട്ടിക പൂര്‍ത്തിയാക്കി. 

ആദ്യ പകുതി റയല്‍ കൈവശമാക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ ലെവാന്‍റെ തിരിച്ചടിച്ചു. ബോര്‍ജയും(49) ഗോണ്‍സാലോയും(75)മാണ് ലെവാന്‍റെയുടെ ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയില്‍ റയലില്‍ അരങ്ങേറ്റത്തിനിറങ്ങിയ ഹസാര്‍ഡിന്‍റെ നീക്കങ്ങള്‍ മത്സരത്തെ ശ്രദ്ധേയമാക്കി. ഇഞ്ചുറിടൈമില്‍ കോര്‍ട്വായുടെ വമ്പന്‍ സേവാണ് മത്സരം സമനിലയാകാതെ റയലിനെ കാത്തത്. 

ജയത്തോടെ പോയിന്‍റ് പട്ടികയില്‍ അത്‌ലറ്റികോ മാഡ്രിഡിന് പിന്നിലായി റയല്‍ രണ്ടാമതെത്തി. റയലിന് നാല് മത്സരങ്ങളില്‍ നിന്ന് 8 പോയിന്‍റായി. കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച അത്‌ലറ്റിക്കോയ്‌ക്ക് ഒന്‍പത് പോയിന്‍റാണുള്ളത്. ആറ് പോയിന്‍റുള്ള ലെവാന്‍റെ അഞ്ചാം സ്ഥാനത്താണ്.