ടെക്‌സസ്: സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ലിയോണല്‍ മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്‍റീനയ്‌ക്ക് മെക്‌സിക്കോയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം. ഇന്‍റര്‍ മിലാന്‍ താരം ലൗറ്റാരോ മാര്‍ട്ടിനെസ് സ്‌ട്രൈക്കറായി കളത്തിലിറങ്ങിയപ്പോള്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് അര്‍ജന്‍റീന ജയിച്ചത്. മാര്‍ട്ടിനെസിന്‍റെ ഹാട്രിക്കിന് പുറമെ പെനാല്‍റ്റിയിലൂടെ പരേഡെസാണ് അര്‍ജന്‍റീനയുടെ ഗോള്‍ സ്‌കോറര്‍. 

ആദ്യ പകുതിയിലായിരുന്നു നാല് ഗോളുകളും. 17-ാം മിനുറ്റില്‍ ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ട മാര്‍ട്ടിനെസ് 22, 39 മിനുറ്റുകളില്‍ വല ചലിപ്പിച്ച് ഹാട്രിക് പൂര്‍ത്തിയാക്കി. 33-ാം മിനുറ്റിലായിരുന്നു പരേഡെസിന്‍റെ പെനാല്‍റ്റി ഗോള്‍. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചെങ്കിലും അര്‍ജന്‍റീനയുടെ ആക്രമണത്തിന് മുന്നില്‍ മെക്‌സിക്കോ തകരുകയായിരുന്നു.