ലണ്ടന്‍: ലീഗ് കപ്പ് ഫുട്ബോളിൽ ലിവർപൂളിന് മിന്നും വിജയം. എംകെ ഡോൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ തകർത്തത്. 41-ാം മിനിറ്റിൽ മിൽനറും 69-ാം മിനുറ്റിൽ ഹോവറുമാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. അതേസമയം, ചെൽസിക്ക് വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.  

ഗ്രിംസ്ബിയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് നീലപ്പട തരിപ്പണമാക്കിയത്. ചെൽസിക്കായി ബത്ഷ്വായി രണ്ട് ഗോൾ  നേടി. ബാർക്ക്ലെ, പെട്രോ, സൗമ, റീസെ, ഹുഡ്സൺ എന്നിവരാണ് മറ്റ് സ്കോറർമാർ. മാറ്റ് ഗ്രീനാന് ഗ്രീംസ്ബിക്കായി ഗോൾ മടക്കി. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് റോച്ച്ഡൈലിനെതിരെ വിജയം നേടി.

കളത്തില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും റോച്ച്ഡൈല്‍ യുണൈറ്റഡിനെ സമനിലയില്‍ പൂട്ടിയിടുകയയാിരുന്നു. മാഞ്ചസ്റ്ററിനായി രണ്ടാം പകുതിയുടെ 68-ാം മിനിറ്റില്‍ മേസണ്‍ ഗ്രീന്‍വുഡ് ലീഡ് നേടി.

എന്നാല്‍ 76-ാം മിനിറ്റില്‍ ലൂക്ക് മതേസണിലൂടെ റോച്ച്ഡൈല്‍ തിരിച്ചടിച്ചതോടെ കളി ആവേശകരമാകുകയായിരുന്നു. പിന്നീട് അധിക സമയത്തും ആരും ഗോള്‍ നേടാതിരുന്നതോടെ ഷൂട്ടൗട്ട് അനിവാര്യമായി. പെനാല്‍റ്റി പോരില്‍ 5-3 എന്ന സ്കോറിനാണ് മാഞ്ചസ്റ്റര്‍ ജയിച്ച് കയറിയത്.