ബ്യൂണസ് ഐറിസ്: അർജന്‍റീന ഫുട്ബോൾ ടീം നായകന്‍ ലിയോണൽ മെസിക്ക് ഒരു മൽസരത്തിൽ വിലക്കും 1,500 ഡോളർ പിഴയും ശിക്ഷ. കോപ്പ അമേരിക്കയിൽ അഴിമതിയാരോപണവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് ശിക്ഷാനടപടി. ചിലെക്കെതിരായ മല്‍സരത്തിൽ ചുവപ്പുകാർഡ് കിട്ടി പുറത്തായ മെസി റഫറിക്കെതിരെ ഗുരുതര വിമർശനവുമായി രംഗത്തെത്തിയിരുന്നു. 

ടൂർണമെന്റ് ബ്രസീലിന് അനുകൂലമാക്കുന്നതിന് റഫറിമാരും സംഘാടകരും ഒത്തുകളിച്ചു എന്നായിരുന്നു മെസിയുടെ ആരോപണം. വിലക്കേർപ്പെടുത്തിയതോടെ മെസിക്ക് 2022 ലോകകപ്പ് ഫുട്ബോളിനുള്ള അർജന്റീനയുടെ ആദ്യ യോഗ്യതാ മൽസരത്തിൽ കളിക്കാനാവില്ല.

അര്‍ജന്‍റീന മൂന്നാം സ്ഥാനം നേടിയെങ്കിലും മെഡല്‍ വാങ്ങാതെയാണ് മെസി മടങ്ങിയത്. അഴിമതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് മെസി മെഡല്‍ സ്വീകരിക്കാതിരുന്നത്. ബ്രസീലിന് ചാമ്പ്യന്‍ഷിപ്പ് നേടാനായി പദ്ധതി തയ്യാറാക്കി വച്ചിരുന്നതായും മെസി ആരോപിച്ചിരുന്നു. കോപ്പ അമേരിക്കയോടുള്ള ബഹുമാനക്കുറവാണ് മെസി കാണിച്ചതെന്ന് ആരോപണങ്ങള്‍ തള്ളിയ കോണ്‍ഫെഡറേഷന്‍ അന്ന് വ്യക്തമാക്കിയിരുന്നു.