ബാഴ്സലോണ: മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തില്‍ റോബര്‍ട് ലെവന്‍ഡോവിസ്കിക്ക് പിന്നിലാവേണ്ടി വന്നെങ്കിലും ഫുട്ബോളില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് ബാഴ്സലോണ സൂപ്പര്‍ താരം ലിയോണല്‍ മെസി. സ്പാനിഷ് ലാ ലിഗയില്‍ വലെന്‍സിയക്കെതിരെ വലകുലുക്കിയതോടെ മെസി ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന കളിക്കാരനെന്ന ഇതിഹാസതാരം പെലെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി. ബ്രസീലിയന്‍ ക്ലബ്ബായ സാന്‍റോസിനായി 19 സീസണുകളില്‍ കളിച്ച പെലെ 643 ഗോളുകള്‍ നേടിയിരുന്നു.

ബാഴ്സലോണക്കായി 17ാം സീസണില്‍ കളിക്കുന്ന മെസി 748 മത്സരങ്ങളില്‍ നിന്നാണ് 643 ഗോളുകള്‍ നേടിയത്. വലന്‍സിയക്കെതിരെ തുടക്കത്തില്‍ പിന്നിലായ ബാഴ്സലോണയെ ഇടവേളക്ക് തൊട്ടുമുമ്പ് ഡൈവിംഗ് ഹെഡ്ഡറിലൂടെ ഒപ്പമെത്തിച്ച ഗോളിലൂടെയാണ് മെസി ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഇതിന് തൊട്ടുമുമ്പ് ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മെസിക്ക് സുവര്‍ണാവസരം ലഭിച്ചതായിരുന്നു. മത്സരത്തില്‍ ബാഴ്സക്ക് ലഭിച്ച പെനല്‍റ്റി മെസി നഷ്ടമാക്കിയിരുന്നു. മെസിയെടുത്ത കിക്ക് വലന്‍സിയ ഗോള്‍ കീപ്പര്‍ ജോമി ഡൊമനെക്ക് രക്ഷപ്പെടുത്തി.

ചരിത്ര നേട്ടത്തിലെത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ മെസിക്കായില്ല. രണ്ട് ഗോൾ വീതം നേടി ബാഴ്സയും വലൻസിയയും സമനിലയിൽ പിരിഞ്ഞു. ഗോൾ വേട്ടയിൽ മെസി പെലെയെ മറികടക്കുന്ന സുവർണ നിമിഷത്തിനായി കാത്തിരിക്കുകയാണിപ്പോൾ ഫുട്ബോൾ ലോകം. അടുത്ത മത്സരത്തിൽ തന്നെ ആ ചരിത്ര ഗോൾ പിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.