ഈ സീസൺ അവസാനത്തോടെ ലിയോണൽ മെസി ബാഴ്‌സലോണ വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെയാണ് സാവി ഹെർണാണ്ടസിന്റെ വെളിപ്പെടുത്തൽ. 

ബാഴ്‌സലോണ: നായകൻ ലിയോണൽ മെസി ബാഴ്‌സലോണയിൽ നിരാശനാണെന്ന് മുൻതാരം സാവി ഹെർണാണ്ടസ്. മെസിയെ കളിക്കളത്തിൽ വേണ്ടവിധം ഉപയോഗിക്കാൻ ബാഴ്‌സലോണയ്‌ക്ക് കഴിയുന്നില്ലെന്നും സാവി പറഞ്ഞു. ഈ സീസൺ അവസാനത്തോടെ ലിയോണൽ മെസി ബാഴ്‌സലോണ വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെയാണ് സാവി ഹെർണാണ്ടസിന്റെ വെളിപ്പെടുത്തൽ. 

'മെസി കളിക്കളത്തിൽ തൃപ്‌തനല്ലെന്നതിന്റെ സൂചനകൾ പല തവണ തനിക്ക് നൽകിയിട്ടുണ്ട്. കുറേ നാളുകളായി മെസിയുടെ മികവ് വേണ്ടവിധം ഉപയോഗപ്പെടുത്താൻ ടീമിന് കഴിയുന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച താരം ടീമിലുണ്ടായിരിക്കെയാണ് ബാഴ്‌സലോണ ഇത് പ്രയോജനപ്പെടുത്താത്തത്. മെസിയെ സന്തുഷ്ടനാക്കി നിർത്തുക എന്നത് ക്ലബ് മാനേജ്‌മെന്‍റിന്‍റെ ഉത്തരവാദിത്തമാണ്. ഇങ്ങനെയെങ്കിൽ ബാഴ്‌സലോണയ്‌ക്ക് ഇനിയും കൂടുതൽ ട്രോഫികൾ സ്വന്തമാക്കാൻ കഴിയും' എന്നും സാവി പറഞ്ഞു. 

മുപ്പത്തിമൂന്നുകാരനായ മെസിയാണ് ഈ സീസണിൽ ലാ ലിഗയിലെ ടോപ് സ്‌കോറർ. 10 ലാ ലിഗയും ഏഴു കോപ്പ ഡെൽ റേയും നാല് ചാമ്പ്യൻസ് ലീഗു് കിരീടവും സ്വന്തമാക്കിയിട്ടുള്ള മെസി ബാഴ്‌സലോണ കരിയറിൽ ഇതുവരെ 35 ട്രോഫികൾ നേടിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona