പി എസി ജിയുമായുളള കരാര്‍ തീര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന് എനിക്കുറപ്പില്ല. പക്ഷെ ഉറപ്പുള്ള ഒരു കാര്യം ഞാനും കുടുംബവും ബാഴ്സലോണയില്‍ തിരിച്ചെത്തും. ശിഷ്ടകാലം അവിടെയായിരിക്കും ചെലവഴിക്കുക. അതാണ് ഞാനും എന്‍റെ ഭാര്യയും ആഗ്രഹിക്കുന്നത്.

പാരീസ്: സ്പാനിഷ് ലാ ലിഗയില്‍(La liga) ബാഴ്സലോണ(Barcelona) തുടര്‍ പരാജയങ്ങളില്‍ വലയുമ്പോള്‍ ക്ലബ്ബിന്‍റെ എക്കാലത്തെയും വലിയ ഇതിഹാസ താരമായ ലിയോണല്‍ മെസി(Lionel Messi) പാരീസ് സെന്‍റ് ജെര്‍മനായി(പിഎസ്‌ജി)(PSG)പന്തു തട്ടുകയാണ്. സാമ്പത്തിക നടപടിക്രമങ്ങളെത്തുടര്‍ന്ന് മെസിയുമായുള്ള കരാര്‍ പുതുക്കാനാവാതെ വന്നതോടെയാണ് ഈ സീസണില്‍ മെസി ഫ്രീ ട്രാന്‍സ്ഫറില്‍ പിഎസ്‌ജിയിലേക്ക് പോയത്. പി എസ് ജിയുമായി രണ്ടുവര്‍ഷത്തെ കരാറിലാണ് മെസി ഒപ്പുവെച്ചിരിക്കുന്നത്.

എന്നാല്‍ പി എസ് ജിയുമായുള്ള കരാര്‍ പൂര്‍ത്തിയായല്‍ ബാഴ്സലോണയിലേക്ക് തന്നെ മടങ്ങുമെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍ മെസി. പി എസ് ജിയുമായുള്ള കരാര്‍ തീരുമ്പോള്‍ കുടുംബവുമൊത്ത് ബാഴ്സസയിലേക്ക് തിരികെ പോകുമെന്നും ബാഴ്സയില്‍ ടെക്നിക്കല്‍ ഡയറക്ടറുടെ സ്ഥാനം ആഗ്രഹിക്കുന്നുവെന്നും മെസി പറഞ്ഞു. രണ്ടദശകത്തോളം ബാഴ്സക്കൊപ്പം ചെലവഴിച്ച ദിവസങ്ങള്‍ താന്‍ വല്ലാതെ മിസ് ചെയ്യുന്നുവെന്നും മെസി വ്യക്തമാക്കി.

Also Read: ബാലൻ ഡി ഓര്‍ റൊണാൾഡോയ്‌ക്കെന്ന് ഫെര്‍ഗൂസണ്‍; മികച്ച താരം സലാ എന്ന് ക്ലോപ്പ്

പി എസി ജിയുമായുളള കരാര്‍ തീര്‍ന്നാല്‍ എന്ത് സംഭവിക്കുമെന്ന് എനിക്കുറപ്പില്ല. പക്ഷെ ഉറപ്പുള്ള ഒരു കാര്യം ഞാനും കുടുംബവും ബാഴ്സലോണയില്‍ തിരിച്ചെത്തും. ശിഷ്ടകാലം അവിടെയായിരിക്കും ചെലവഴിക്കുക. അതാണ് ഞാനും എന്‍റെ ഭാര്യയും ആഗ്രഹിക്കുന്നത്. പക്ഷെ പി എസിജിയുമായുള്ള കരാര്‍ തീരുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന് ഇപ്പോള്‍ പറയാനാവില്ല. അതെന്തായാലും ബാഴ്സയില്‍ ഞങ്ങള്‍ തിരിച്ചെത്തുമെന്ന് ഉറപ്പാണ്. സ്പാനിഷ് മാധ്യമമായ സ്പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ മെസി വ്യക്തമാക്കി.

ഞാനെല്ലായ്പ്പോഴും പറയാറുണ്ട്. ബാഴ്സയെ ഏത് രീതിയിലും സഹായിക്കാന്‍ ഞാന്‍ തയാറാണെന്ന്. അതുകൊണ്ടുതന്നെ ക്ലബ്ബിന്‍റെ ടെക്നിക്കല്‍ ഡയറക്ടര്‍ സ്ഥാനത്ത് എന്നെങ്കിലും എത്തണമെന്നാണ് എന്‍റെ ആഗ്രഹം. അത് സംഭവിക്കുമോ അതോ വേറെ ഏതെങ്കിലും റോളിലാണോ തിരിച്ചെത്തുക എന്നൊന്നും ഇപ്പോള്‍ നിശ്ചയമില്ല. എങ്കിലും അവസരം ലഭിച്ചാല്‍ ടീമിനായി സംഭാവന ചെയ്യാന്‍ സന്തോഷമേയുള്ളു. കാരണം ഞാനേറെ സ്നേഹിക്കുന്ന ക്ലബ്ബിനെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായി നിലനിര്‍ത്തുക എന്നത് എന്‍റെ ആഗ്രഹമാണ്-മെസി പറഞ്ഞു.

Also Read: 'മെസിയുടെ ആ കിടപ്പ് കണ്ടപ്പോള്‍ ഹൃദയം തകര്‍ന്നു'; ഗായകനും മുന്‍കാല ഫുട്‌ബോള്‍ താരവുമായ ഷഹബാസ് അമന്റെ കുറിപ്പ്

ബാഴ്സയില്‍ നിന്ന് പി എസ് ജിയിലെത്തിയ മെസിക്ക് സ്പാനിഷ് ലീഗിലെ അതേ പ്രകടനം ആവര്‍ത്തിക്കാന്‍ ഇതുവരെയായിട്ടില്ല. ഇതിനിടെ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ മെസിയെ പരിശീലകന്‍ ഇടക്ക് പിന്‍വലിക്കുകയും ചെയ്തിരുന്നു. അതേസമയം, മെസിയുടെ അഭാവത്തില്‍ സ്പാനിഷ് ലീഗില്‍ തുടര്‍പരാജയങ്ങളില്‍ വലയുകയാണ് ബാഴ്സലോണ. സീസണില്‍ ഇതുവരെ 11 മത്സരങ്ങളില്‍ നാലു ജയം മാത്രമാണ് ബാഴ്സക്കുള്ളത്. പോയന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള ബാഴ്സ കഴിഞ്ഞ ആഴ്ച എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയലിനോടും തോറ്റിരുന്നു.

മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കും നാടകീയതകള്‍ക്കുമൊടുവില്‍ ഓഗസ്റ്റിലാണ് ലിയോണല്‍ മെസിയും ബാഴ്‌സലോണയും വഴിപിരിഞ്ഞത്. 2000 സെപ്റ്റംബറിൽ തന്‍റെ പതിമൂന്നാം വയസിൽ ബാഴ്സയിലെത്തിയ ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി പന്ത് തട്ടിയിരുന്നില്ല. എന്നാല്‍ ഈ സീസണൊടുവില്‍ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ച മെസി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്‌സ തയാറാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമാകാതെ വരികയായിരുന്നു.

ബാഴ്‌സയിലെ വിടവാങ്ങല്‍ പത്രസമ്മേളത്തില്‍ മെസി പൊട്ടിക്കരഞ്ഞിരുന്നു. കണ്ണുകള്‍ നിറഞ്ഞാണ് മെസി വേദിയിലെത്തിയത് തന്നെ. ബാഴ്‌സലോണയോടുള്ള ആത്മബന്ധം വ്യക്തമാക്കി വൈകാരികമായിരുന്നു മെസിയുടെ ഓരോ വാക്കുകളും. 'കരിയറിലെ തുടക്കം മുതല്‍ ഞാനെല്ലാം ബാഴ്‌സലോണയ്ക്ക് വേണ്ടി സമര്‍പ്പിച്ചു. ഞാനിവിടുന്ന് പോകുന്നുവെന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ആരാധകര്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിനെല്ലാം ഞാന്‍ നന്ദിയുള്ളവനായിരിക്കും. ഇവിടെ നിന്ന് ഇങ്ങനെ പടിയിറങ്ങുമെന്ന് എന്റെ സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നു' എന്നും വാര്‍ത്താസമ്മേളനത്തില്‍ മെസി പറഞ്ഞിരുന്നു.