ലിസ്‌ബണ്‍: മികച്ച താരമാക്കി തന്നെ മാറ്റിയതിന് പിന്നില്‍ ദീര്‍ഘകാലവൈരിയായ ലിയോണല്‍ മെസിയുടെ സാന്നിധ്യമുണ്ടെന്ന് തുറന്നുസമ്മതിച്ച് പോര്‍ച്ചുഗീസ് ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആരോഗ്യപരമായ വൈരമാണ് മെസിയുമായുള്ളതെന്നും ഒരു പോര്‍ച്ചുഗീസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ റോണോ പറഞ്ഞു. അഞ്ച് ബാലൻ ഡി ഓർ പുരസ്‌കാരം നേടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

'മെസിയാണ് എന്നെ മികച്ച താരമാക്കി മാറ്റിയത് എന്ന കാര്യത്തില്‍ സംശയമില്ല, തിരിച്ചും അങ്ങനെ തന്നെയാണ്. ഞാന്‍ ട്രോഫികള്‍ നേടുമ്പോള്‍ മെസിക്ക് നോവും, അദേഹം കിരീടങ്ങള്‍ നേടുമ്പോള്‍ എനിക്കും. മെസിയുമായി ഹൃദ്യമായ പ്രഫഷണല്‍ ബന്ധമാണുള്ളത്. 15 വര്‍ഷക്കാലമായി സമകാലിക താരങ്ങളാണ് എന്നതാണ് കാരണം. തങ്ങള്‍ ഒന്നിച്ച് ഭക്ഷണം കഴിച്ചിട്ടില്ല, ഭാവിയില്‍ അത് ആയിക്കൂടായ്‌കയില്ല' എന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. 

അടുത്തവർഷം വിരമിച്ചേക്കുമെന്ന സൂചനയും നല്‍കി അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ. 'ഇപ്പോൾ നന്നായി കളിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ 41 വയസുവരെ കളിക്കാൻ കഴിയും. ചിലപ്പോൾ വിരമിക്കൽ അടുത്ത വർഷം ഉണ്ടായേക്കും' എന്നും റൊണാൾഡോ പറഞ്ഞു. റയൽ മാഡ്രിഡ് വിട്ട് കഴിഞ്ഞ സീസണിൽ യുവന്‍റസിലെത്തിയ റൊണാൾഡോയ്ക്ക് മൂന്നുവർഷത്തെ കരാർ ശേഷിക്കുന്നുണ്ട്. 34കാരനായ റൊണാൾഡോ പോർച്ചുഗലിനായി 88 ഗോളും വിവിധ ക്ലബുകൾക്കായി 601 ഗോളും നേടിയിട്ടുണ്ട്.