2026 ഫിഫ ലോകകപ്പിനായി പുറത്തിറക്കിയ പുതിയ പവർ റാങ്കിംഗിൽ ജർമ്മനിയുടെ ഡെനിസ് ഉൻദാവ് ഒന്നാമതെത്തി, ലയണൽ മെസ്സിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. അറ്റാക്കിംഗ്, ക്രിയേറ്റിവിറ്റി, ഡിഫൻഡിംഗ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഈ റാങ്കിംഗിൽ എംബാപ്പെ മൂന്നാമതും വിനീഷ്യസ് ജൂനിയർ നാലാമതുമാണ്.
സൂറിച്ച്: 2026 ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വാശിയേറിയ പോരാട്ടങ്ങള്‍ക്കാണ് വേദിയൊരുങ്ങുന്നത്. ഇതിനിടെയാണ് ഫിഫ പുതിയ പവര്‍ റാങ്കിംഗ് സമ്പ്രദായം പുറത്തിറക്കിയത്. റാങ്കിംഗ് പ്രകാരം മെസിക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താനായില്ലെന്നുള്ളതാണ് സവിശേഷത. ഗ്രൂപ്പ് ഘട്ടത്തില്‍ മിന്നും പ്രകടനമാണ് അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസി കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ അടിച്ചുകൂട്ടിയ മെസി, ലോകകപ്പ് ചരിത്രത്തില്‍ ആകെ 19 ഗോളുകള്‍ എന്ന റെക്കോര്‍ഡ് നേട്ടവും സ്വന്തമാക്കി.
കിലിയന്‍ എംബാപ്പെ (4), വിനീഷ്യസ് ജൂനിയര്‍ (4), എര്‍ലിംഗ് ഹാലന്‍ഡ് (4) തുടങ്ങിയ യുവതാരങ്ങളെക്കാള്‍ മുന്നിലാണ് മെസിയുടെ ഈ ഗോളടി മികവ്. മത്സരങ്ങളിലെ പ്രകടനം അടിസ്ഥാനമാക്കി ഫിഫ നടപ്പിലാക്കിയ ഈ റാങ്കിംഗ് സംവിധാനത്തില്‍ അറ്റാക്കിംഗ്, ക്രിയേറ്റിവിറ്റി, ഡിഫന്‍ഡിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലായി 0-10 വരെ സ്‌കോറാണ് താരങ്ങള്‍ക്ക് നല്‍കുന്നത്. ഈ റാങ്കിംഗില്‍ ജര്‍മ്മനിയുടെ ഡെനിസ് ഉന്‍ദാവാണ് ഒന്നാമത്. അറ്റാക്കിംഗില്‍ 8.36 പോയിന്റും, ക്രിയേറ്റിവിറ്റിയില്‍ 6.78-ഉം, ഡിഫന്‍ഡിംഗില്‍ 4.7-ഉം നേടിയാണ് താരം ഒന്നാമതെത്തിയത്. 8.34, 6.43, 5.14 എന്നിങ്ങനെ സ്‌കോര്‍ ചെയ്ത മെസി രണ്ടാമതാണ്.
എംബാപ്പെ മൂന്നാമതും വിനീഷ്യസ് ജൂനിയര്‍ നാലാമതുമാണ്. അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 79-ാം സ്ഥാനത്താണ്. ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയ 29-കാരന്‍ ഡെനിസ് ഉന്‍ദാവ്, ജര്‍മ്മനിക്ക് വേണ്ടിയാണ് കളിക്കുന്നത്. സബ്സ്റ്റിറ്റിയൂട്ട് താരമായി ഇറങ്ങി മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ താരം, ഇതിനകം ലോകകപ്പിലെ ഗോളടി വീരന്മാരുടെ പട്ടികയില്‍ മുന്‍നിരയിലുണ്ട്. നോക്കൗട്ട് മത്സരങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ റാങ്കിംഗില്‍ മാറ്റം വന്നേക്കും.
