പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് ജർമ്മനി ഇന്ന് പരാഗ്വായെ നേരിടും. ഇക്വഡോറിനോടേറ്റ തോൽവിയും പ്രതിരോധത്തിലെ ആശങ്കകളും മറികടക്കാനാണ് ജർമ്മനി ശ്രമിക്കുന്നത്. മറ്റൊരു നിർണ്ണായക മത്സരത്തിൽ, കരുത്തരായ നെതർലൻഡ്‌സ് മൊറോക്കോയെ നേരിടും
ബോസ്റ്റൺ: പ്രീ ക്വാർട്ടർ ഉറപ്പിക്കാനൊരുങ്ങി ജർമനി ഇന്ന് കളത്തിലിറങ്ങുന്നു. പരാഗ്വായ് ആണ് ജർമനിയുടെ എതിരാളികൾ. ഗ്രൂപ് ചാമ്പ്യന്മാരായി നോക്കൗട്ടിൽ എത്തിയെങ്കിലും അവസാന മത്സരത്തിൽ ഇക്വഡോറിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടിലാണ് ജർമൻ ക്യാമ്പ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കുറൊസാവോയോട് ഏഴ് ഗോളിന്റെ വമ്പൻ വിജയം നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടങ്ങളിൽ ക്ലീൻ ഷീറ്റ് ഇല്ലാത്തത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഐവറി കോസ്റ്റിനെതിരെ 2- 1 ന്റെ മാർജിനിലാണ് ജർമനി ജയിച്ചത്. കളിയിലുടനീളം മികച്ച പ്രകടനമായിരുന്നു ഐവറി കോസ്റ്റ് കാഴ്ചവച്ചത്. ഗ്രൂപ്പിൽ മൂന്നാം മത്സരത്തിൽ ഇക്വഡോറിനോട് 2 - 1 ന്റെ ഞെട്ടിക്കുന്ന തോൽവിയും വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടു. മത്സരത്തിന് ശേഷം പരിശീലകൻ നാഗൽസ്മാന്റെയും ക്യാപ്റ്റൻ കിമ്മിച്ചിന്റെയും ടീമിന്റെ പ്രകടനത്തെ പറ്റിയുള്ള പരസ്പര വിരുദ്ധമായ പ്രസ്താവനകൾ സ്മൂഹമാധ്യമങ്ങളിലടക്കം വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെട്ടത്.
ദേശീയ കുപ്പായത്തിൽ നിന്നും വിരമിച്ചതിന് ശേഷം വീണ്ടും ടീമിലേക്ക് തിരിച്ചെത്തിയ ഗോൾ കീപ്പർ മാനുവൽ നൂയറുടെ സ്ഥിരതയില്ലാത്ത പ്രകടനം ജർമൻ ആരാധകർക്കിടയിലും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. അതേസമയം സെന്റർ ബാക്ക് നിക്കോ സ്ലോട്ടർബെക്കിന് പരിക്കേറ്റതും ജർമൻ പ്രതിരോധത്തിൽ വിള്ളലേൽപ്പിച്ചിരുന്നു. എന്നിരുന്നാലും നോക്കൗട്ടിൽ പരാഗ്വായ്യെ തോൽപിക്കാൻ പോന്ന ടീം തന്നെയാണ് ജർമനി. ഡെനിസ് ഉണ്ടാവിന്റെയും വിർട്സിന്റെയും മൂസിയാളയുടെയും കിമ്മിച്ചിന്റെയും മികച്ച പ്രകടനത്തിൽ തന്നെയാണ് ജർമനി പ്രതീക്ഷയർപ്പിക്കുന്നത്. നാളെ പുലർച്ചെ 2 മണിക്കാണ് ജർമനിയുടെ മത്സരം.
നാളത്തെ മറ്റൊരു മത്സരത്തിൽ നെതർലൻഡ്സ് മൊറോക്കയെ നേരിടും. ടൂർണമെന്റിലെ കറുത്ത കുതിരകൾ എന്ന വിശേഷണത്തോടെ എത്തിയ മൊറോക്കോ ആദ്യ ഗ്രൂപ് മത്സരത്തിൽ തന്നെ ബ്രസീലിനെ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലാണ് എത്തുന്നത്. മറുവശത്ത് ബ്രയാൻ ബ്രോബിയുടെയും ഗ്രേവൻബെർച്ചിന്റെയും ഗാഗ്പോയുടെയും സമ്മർവില്ലിന്റെയുമെല്ലാം മിന്നും ഫോമിന്റെ ആത്മവിശ്വാത്തിലാണ് നെതർലൻഡ്സ് എത്തുന്നത്. മധ്യനിരയിൽ ഫ്രെൻകി ഡിയോങ്ങും പ്രതിരോധത്തിൽ വാൻ ഡൈക്കും ഡംഫ്രിസും മികച്ചുനിൽക്കുന്നതും നെതർലാൻഡ്‌സിന് പ്രതീക്ഷയാണ്. രാവിലെ 6.30 നു നടക്കുന്ന മത്സരം നോക്കൗട്ടിലെ തന്നെ ഏറ്റവും ഗ്ലാമർ പോരാട്ടങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.



