റോസാരിയോയിലെ സ്വകാര്യ ശ്മശാനത്തിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് ശേഷം മയാമിയിൽ തിരിച്ചെത്തിയ മെസി, മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ബെഞ്ചിലായിരുന്നു.

മയാമി: പിതാവ് ഹോര്‍ഹെ മെസിയുടെ വേർപാടിന്‍റെ തീരാവേദനയ്ക്കിടയിലും നാലാം നാൾ ഫുട്ബോൾ മൈതാനത്തേക്ക് മടങ്ങിയെത്തി അർജന്‍റീന ഇതിഹാസം ലയണൽ മെസി. ബുധനാഴ്ച ഓഗസ്റ്റ് 12-ന് ലീഗ്സ് കപ്പിൽ മെക്സിക്കൻ ക്ലബ്ബായ ലിയോണിനെതിരായ നിർണായക മത്സരത്തിലാണ് ഇന്‍റർ മയാമിക്കായി മെസി കളത്തിലിറങ്ങിയത്. പിതാവ് ബോര്‍ഹെ മെസിയുടെ രണശേഷം ഫുട്ബോൾ കരിയർ തുടരുന്നതിനെക്കുറിച്ച് വലിയ സംശയങ്ങളുണ്ടെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചതിന് തൊട്ടുപിന്നാലെയാണ് മെസിയുടെ ഈ അപ്രതീക്ഷിത തിരിച്ചുവരവ്.

ദീർഘനാളത്തെ രോഗബാധയെ തുടർന്ന് ഓഗസ്റ്റ് 8-നാണ് മെസിയുടെ പിതാവും ഏജന്‍റുമായിരുന്ന ഹോര്‍ഹെ മെസി (68) അന്തരിച്ചത്. റൊസാരിയോയിലെ സ്വകാര്യ ശ്മശാനത്തിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് ശേഷം മയാമിയിൽ തിരിച്ചെത്തിയ മെസി, മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ബെഞ്ചിലായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങി മുഴുവൻ സമയവും കളിച്ചെങ്കിലും മത്സരത്തിൽ ഇന്‍റർ മയാമി 3-2 ന് തോൽവി വഴങ്ങി. ഇതിന് മുൻപത്തെ മത്സരത്തിൽ മൊണ്ടെറെയോട് തോറ്റ മയാമിക്ക് ടൂർണമെന്‍റിൽ മുന്നേറാൻ ഈ മത്സരത്തിൽ വിജയം അത്യാവശ്യമായിരുന്നു.

Scroll to load tweet…

നീയില്ലാതെ ഇനി ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എങ്ങനെ മുന്നോട്ട് പോകണമെന്നും അറിയില്ല. ഫുട്ബോൾ മാത്രമാണ് ഞാൻ ഇതുവരെ കളിച്ചിരുന്നത്, ഇനി എത്രനാൾ ഇത് തുടരുമെന്നതിൽ എനിക്ക് വലിയ സംശയങ്ങളുണ്ട്- പിതാവിനായി പങ്കുവെച്ച വിടവാങ്ങൽ കുറിപ്പിൽ 39-കാരനായ മെസി കുറിച്ചത് ഇങ്ങനെയായിരുന്നു. റോസാരിയോയിലെ തെരുവുകളിൽ പന്ത് തട്ടിത്തുടങ്ങിയ കാലം മുതൽ കരിയറിലെ ഓരോ നിമിഷത്തിലും തന്‍റെ വഴികാട്ടിയും ഏജന്‍റും സുഹൃത്തുമായിരുന്നു പിതാവെന്നും മെസി ഓർത്തെടുത്തു. വ്യക്തിഗത നേട്ടങ്ങളേക്കാൾ വലിയ വൈകാരിക നഷ്ടത്തിലൂടെ കടന്നുപോകുന്ന മെസിയുടെ ഈ തിരിച്ചുവരവ് ആരാധകരെയും ഫുട്ബോൾ ലോകത്തെയും ഒരുപോലെ കണ്ണീരണിയിക്കുകയാണ്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക