ബാഴ്സലോണ: പരിക്കിനെത്തുടര്‍ന്ന് ബാഴ്സലോണ നായകന്‍ ലിയോണല്‍ർ മെസ്സി സീസണില്‍ ഇതുവരെ കളിക്കാനിറങ്ങിയിട്ടില്ല. എന്നാല്‍ മെസ്സി കളിക്കാത്തതിന്റെ കുറവ് നികത്തുകയാണ് മകന്‍ മാറ്റിയോ മെസ്സി. പെനല്‍റ്റി സ്പോട്ടില്‍ നിന്ന് ഗോളടിച്ചാണ് നാലു വയസുകാരനായ മാറ്റിയ ആരാധകരുടെ മനം കവര്‍ന്നത്.

ഗോളടിച്ചുവെന്ന് മാത്രമല്ല, അതിനുശേഷമുള്ള ഗോളാഘോഷത്തിലും താന്‍ മെസ്സിയുടെ പിന്‍ഗാമിയാണെന്ന് മാറ്റിയോ തെളിയിച്ചു. മെസ്സിയെപ്പോലെ ഗോളടിച്ചശേഷം ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി ഫ്ലെയിംഗ് കിസ്സും നല്‍കിയാണ് മാറ്റിയാ നടന്നുപോകുന്നത്. മെസ്സിയുടെ പത്നി അന്റോണെലാ റോക്കുസോ ആണ് കുഞ്ഞു മെസ്സി ഗോളടിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ മെസ്സിയുടെ തനിപകര്‍പ്പല്ല മാറ്റിയോ. മെസ്സിക്ക് ഇടംകാലാണ് കൂടുതല്‍ പാകമെങ്കില്‍ മാറ്റിയോ വലംകാലുകൊണ്ടാണ് ഗോളടിക്കുന്നത്. മാറ്റിയോയുടെ നാലാം പിറന്നാളായിരുന്നു കഴിഞ്ഞദിവസം. ഇതിനോടനുബന്ധിച്ചാണ് അന്റോണെലാ വിഡിയോ പോസ്റ്റ് ചെയ്തത്.