ബാഴ്സലോണ: ബാഴ്സയില്‍ നിന്ന് ഉടന്‍ വിട്ടുപോവുമെന്ന് സൂപ്പര്‍ താരം ലിയോണല്‍ മെസി. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ടീം അടിമുടി ഉടച്ചുവാര്‍ക്കാന്‍ ബാഴ്സ മാനേജ്മെന്റ് തീരുമാനിച്ചിരിക്കെയാണ് തങ്ങളുടെ എല്ലാമെല്ലാമായ മെസിയും ക്ലബ്ബ് വിടാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്ന് സ്പാനിഷ് മാധ്യമമായ എസ്പോര്‍ട്ടെ ഇന്ററാറ്റീവോയുടെ റിപ്പോര്‍ട്ടറായ മാഴ്സലോ ബെക്ക്‌ലര്‍ റിപ്പോര്‍ട്ട് ചെയ്തു. നെയ്മര്‍ ബാഴ്സ വിട്ട് പിഎസ്‌ജിയില്‍ ചേരുന്ന കാര്യം ആദ്യം പുറത്തുവിട്ടതും ബെക്ക്‌ലറാണ്.

ഉടന്‍ ക്ലബ്ബ് വിടാനാണ് മെസിയുടെ തീരുമാനമെന്ന് ബെക്ക്‌ലറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തവര്‍ഷമാണ് ബാഴ്സയുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിക്കുന്നത്. ടീം മാനേജ്മെന്റിന്റെ നടപടികളില്‍ മെസി തൃപ്തനല്ലെന്നും ക്ലബ്ബ് വിടാനുള്ള താല്‍പര്യം അദ്ദേഹം മാനേജ്മെന്റിനെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, സ്വമേധയാ ബാഴ്സ വിടാന്‍ തീരുമാനിച്ചാല്‍ മെസിക്ക് 700 മില്യണ്‍ പൗണ്ടിന്റെ ബൈ ഔട്ട് ക്ലോസ് ബാഴ്സ മുന്നോട്ടുവെക്കുമെന്നാണ് സൂചന.

പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് മെസിയെ സ്വന്തമാക്കാനുള്ള മത്സരത്തില്‍ മുന്‍പന്തിയിലുള്ളതെന്ന്  സണ്‍ഡേ മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് തോല്‍വിക്ക് പിന്നാലെ സിറ്റി പരിശീലക സ്ഥാനത്ത് പെപ് ഗ്വാര്‍ഡിയോളയുടെ ഭാവിതന്നെ വലിയ ചോദ്യചിഹ്നമായി നില്‍ക്കുമ്പോള്‍ മെസി സിറ്റിയിലേക്ക് പോകില്ലെന്ന് വിലയിരുത്തുന്നവരുമുണ്ട്. ചാമ്പ്യന്‍സ് ലീഗ് തോല്‍വിക്ക് പിന്നാലെ ടീം ഒന്നടങ്കം ഉടച്ചുവാര്‍ക്കാനാണ് ബാഴ്സ മാനേജ്മെന്റിന്റെ തീരുമാനം. മെസിക്ക് പുറമെ ഗോള്‍ കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര്‍ സ്റ്റെഗന്‍, പ്രതിരോധനിരയിലെ ക്ലെമന്റ് ലെംഗ്‌ലെറ്റ്, മധ്യനിര താരം ഫ്രെങ്കി ഡി ജോംഗ് എന്നിവരെ മാത്രമാണ് ബാഴ്സ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതെന്നും സൂചനയുണ്ട്.

ക്ലബ്ബില്‍ കാര്യമായ മാറ്റം വേണമെന്ന് മെസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോച്ചിംഗ് തലം മുതല്‍ മാനേജ്മെന്റ്, കളിക്കാര്‍ എന്നീ എല്ലാ തലങ്ങളിലും മാറ്റം വേണമെന്നായിരുന്നു മെസിയുടെ ആവശ്യം. മെസിയെ കൂടാതെ അന്റോണിയാ ഗ്രീസ്മാനും ക്ലബ്ബ് വിട്ടേക്കും. ബയേണിനോടേറ്റ തോല്‍വിക്ക് പിന്നാലെ കോച്ച് ക്വികെ സെറ്റിയനെ ബാഴ്സ പുറത്താക്കിയിരുന്നു. സെറ്റിയന് പകരക്കാരനാവാന്‍ മൂന്നുപേരാണ് മുന്‍പന്തിയിലുള്ളത്.

ഹോളണ്ട് കോച്ച് റൊണാള്‍ഡ് കോമാന്‍, മുന്‍ താരം സാവി, ടോട്ടന്‍ഹാം കോച്ച് പോച്ചറ്റീനോ എന്നിവരാണ് ലിസ്റ്റിലുള്ളത്. റൊണാള്‍ഡ് കോമാനെയാണ് ബാഴ്സ കൂടുതല്‍ പരിഗണിക്കുന്നത്. സ്പാനിഷ് ലീഗ് കിരീടം നഷ്ടപ്പെട്ടത് മുതല്‍ ക്ലബ്ബ് സെറ്റിയനെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നു.