ലണ്ടന്‍: യുവേഫ സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ ലിവര്‍പൂള്‍ ചാംപ്യന്മാര്‍. നിശ്ചിത സമയത്തും അധിക സമയത്തും 2- 2 എന്ന നിലയില്‍ സമനില പാലിച്ച മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂള്‍ എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. ചെല്‍സിക്ക് നാല് തവണ മാത്രമേ ലക്ഷ്യം കാണാനായുള്ളൂ.

മത്സരത്തില്‍ ചെല്‍സിയാണ് ആദ്യഗോള്‍ നേടിയത്. 36ാം മിനിറ്റില്‍ ഒലിവര്‍ ജിറൂദാണ് ആദ്യ ഗോള്‍ നേടിയത്. പുലിസിച്ചിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലിവര്‍പൂള്‍ ചെല്‍സിക്ക് മറുപടി നല്‍കി. ഫിര്‍മിനോ നല്‍കിയ പാസ് ഗോളാക്കി സാഡിയോ മാനെയാണ് റെഡ്സിനെ ഒപ്പമെത്തിച്ചത്.

പിന്നീട് ഇരുവര്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാതെ പോയതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. വീണ്ടും സാനെയിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. 102-ാം ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോര്‍ജിഞ്ഞോ ചെല്‍സിയെ ഒപ്പമെത്തിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ലിവര്‍പൂളിന്റെ എല്ലാവരും ലക്ഷ്യം കണ്ടു. എന്നാല്‍ ചെല്‍സിയുടെ റ്റാമി അബ്രഹാമിന് പിഴച്ചതോടെ ലിവര്‍പൂള്‍ കിരീടമുയര്‍ത്തി.