ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഈ വര്‍ഷത്തെ അവസാന മത്സരത്തില്‍ ലിവര്‍പൂളിന് നിരാശ. ന്യൂകാസില്‍ യുനൈറ്റഡുമായുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിപ്പിക്കേണ്ടി വന്നു. ഇതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള വ്യത്യാസം മൂന്ന് പോയിന്റ് മാത്രമായി. 16 മത്സരങ്ങളില്‍ 33 പോയിന്റാണ് ലിവര്‍പൂളിന്. ഒരു മത്സരം കുറച്ച് കളിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 30 പോയിന്റുണ്ട്. 

ന്യൂകാസിലിനെതിരെ 74 ശതമാനം പന്ത് കൈവശം വച്ചിട്ടും ലിവര്‍പൂളിന് ഗോള്‍ മാത്രം നേടാന്‍ സാധിച്ചില്ല. അതേസമയം ടോട്ടനം- ഫുള്‍ഹാം മത്സരം കൊവിഡ് കാരണം മാറ്റിവച്ചു. നാളെ എവര്‍ട്ടണ്‍, വെസ്റ്റ് ഹാമിനെ നേരിടും. ശനിയാഴ്ച പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആസ്റ്റണ്‍ വില്ലയേയും നേരിടും.

ലാ ലിഗയില്‍ റയലിനും സമനില

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് സമനിലക്കുരുക്ക്. എല്‍ഷെയാണ് നിലവിലെ ചാംപ്യന്മാരെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും ഓരോ ഗോള്‍ നേടി. ലൂക്കാ മോഡ്രിച്ചിന്റെ ഗോളിലൂടെ റയല്‍ 20ാം മിനിറ്റില്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ കിട്ടിയ പെനാല്‍റ്റി വലയിലാക്കി ഫിദല്‍ ഷാവേസ് എല്‍ഷെയെ ഒപ്പമെത്തിച്ചു. 33 പോയിന്റുമായി ലാലിഗയില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്.

അതേസമയം, വര്‍ഷാവസാനവും ലാലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഗെറ്റഫെയെ എതിരില്ലാത്ത ഒരു ഗോളിനാണ് അത്‌ലറ്റിക്കോ വീഴ്ത്തിയത്. സൂപ്പര്‍താരം ലൂയിസ് സുവാരസാണ് അത്‌ലറ്റിക്കോയുടെ ഗോള്‍ നേടിയത്. ലീഗില്‍ 35 പോയിന്റുമായി ഒന്നാമതാണ് അത്‌ലറ്റികോ.