ലിവര്‍പൂൾ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ കിരീടപ്പോരാട്ടത്തിൽ മുന്നിലുള്ള ലിവര്‍പൂൾ ഇന്ന് കളത്തിലിറങ്ങും. ആൻഫീൽഡിൽ വൈകിട്ട് ആറിന് നടക്കുന്ന പോരാട്ടത്തിൽ ബേൺമൗത്താണ് ലിവർപൂളിന്‍റെ എതിരാളികൾ. പ്രീമിയർ ലീഗിൽ വാറ്റ്ഫോഡിനോടും എഫ്എ കപ്പിൽ ചെൽസിയോടും തോറ്റതിന്‍റെ സമ്മർദം ലിവർപൂളിനുണ്ട്. മറ്റ് മത്സരങ്ങളിൽ ആഴ്‌സനൽ വെസ്റ്റ്ഹാമിനെയും ടോട്ടനം ബേൺലിയെയും നേരിടും.

കളിച്ച 28 മത്സരങ്ങളില്‍ 79 പോയിന്‍റുമായാണ് ലിവര്‍പൂള്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. അതേസമയം ബേൺമൗത്ത് 18-ാം സ്ഥാനക്കാരാണ്. 28 കളിയില്‍ 27 പോയിന്‍റേ ടീമിനുള്ളൂ. 37 പോയിന്‍റുള്ള ആഴ്‌സണല്‍ പത്താംസ്ഥാനത്തും 40 പോയിന്‍റുമായി ടോട്ടനം ഏഴാമതുമാണ്. 

ലാ ലിഗയില്‍ ബാഴ്‌സയ്‌ക്കും തിരിച്ചുവരവ് ലക്ഷ്യം

സ്‌പാനിഷ് ഫുട്ബോള്‍ ലീഗിൽ ബാഴ്‌സലോണയ്‌ക്കും ഇന്ന് മത്സരമുണ്ട്. രാത്രി 11ന് നടക്കുന്ന മത്സരത്തിൽ റയൽ സോസിഡാഡാണ് ബാഴ്‌സയുടെ എതിരാളികൾ. എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനോട് തോറ്റതിന്‍റെ ക്ഷീണത്തിലാണ് ബാഴ്‌സ ഇറങ്ങുന്നത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്‍റെ ജയം. റയലിന് പിന്നില്‍ രണ്ടാംസ്ഥാനക്കാരാണ് ബാഴ്‌സ. 

മറ്റൊരു മത്സരത്തിൽ അത്‍ലറ്റിക്കോ മാഡ്രിഡ് സെവിയയെ നേരിടും. 8.30നാണ് ഈ മത്സരം. സെവിയ മൂന്നാംസ്ഥാനക്കാരും അത്‌ലറ്റിക്കോ അഞ്ചാമതുമാണ്.