ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ലിവര്‍പൂള്‍ ചാമ്പ്യന്മാരാകുമെന്ന് വെയ‌്‌ന്‍ റൂണി. നിലവിലെ സീസണിൽ ലിവര്‍പൂളിനാണ് ഏറ്റവും കരുത്ത് തോന്നുന്നതെന്നും ഇംഗ്ലണ്ടിന്‍റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെയും മുന്‍ നായകനായ റൂണി അഭിപ്രായപ്പെട്ടു.

മാഞ്ചസ്റ്റര്‍ സിറ്റി മികച്ച ടീമാണ്. എന്നാല്‍ ലിവര്‍പൂള്‍ കഴിഞ്ഞ സീസണിലേക്കാള്‍ ഏറെ മെച്ചപ്പെട്ടെന്നും റൂണി പറഞ്ഞു. സീസണിലെ എട്ട് കളിയും ജയിച്ച ലിവര്‍പൂള്‍ നിലവില്‍ സിറ്റിയേക്കാള്‍ എട്ട് പോയിന്‍റ് മുന്നിട്ട് പോയിന്‍റ് പട്ടികയില്‍ തലപ്പത്താണ്. കഴിഞ്ഞ രണ്ട് തവണയും മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നു ചാമ്പ്യന്‍മാര്‍. 

കഴിഞ്ഞ മത്സരത്തില്‍ വൂള്‍വ്‌സിനോട് മാഞ്ചസ്റ്റര്‍ സിറ്റി അപ്രതീക്ഷിത തോല്‍വി വഴങ്ങിയിരുന്നു. 2010ന് ശേഷം മാ‍‌ഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ വൂള്‍വ്സിന്‍റെ ആദ്യജയമാണിത്. അദാമയുടെ ഇരട്ട ഗോളാണ് വൂള്‍വ്‌സിന് ജയമൊരുക്കിയത്. 

പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനും ലിവര്‍പൂളിനുമായി കളിച്ചിട്ടുള്ള വെയ്‌‌ന്‍ റൂണി ജനുവരിയിൽ ഡെര്‍ബി കൗണ്ടി ടീമിന്‍റെ കളിക്കാരനും പരിശീലകനുമായി ചുമതലയേറ്റെടുക്കാന്‍ ഒരുങ്ങുകയാണ്.