ലിവര്‍പൂള്‍: ഡച്ച് താരം വിർജിൽ വാൻഡൈക്കുമായുള്ള കരാർ ലിവർപൂൾ പുതുക്കുന്നു. ലോകത്തെ ഏറ്റവും മികച്ച ഡിഫൻഡർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാൻഡൈക്കുമായി ആറു വ‍ർഷത്തേക്കാണ് ലിവർപൂളിന്റെ പുതിയ കരാർ. ഇരുപത്തിയെട്ടുകാരനായ വാൻഡൈക്ക് 2025വരെ ലിവർപൂളിലുണ്ടാവും. 

പുതിയ കരാർ അനുസരിച്ച് ആഴ്‌ചയിൽ രണ്ട് ലക്ഷം യൂറോയാണ് വാൻഡൈക്കിന്റെ പ്രതിഫലം. ഇന്ത്യൻ രൂപയിൽ ഒരുകോടി 59 ലക്ഷത്തിൽ കൂടുതലാണിത്. നിലവിൽ ഒന്നേകാൽ ലക്ഷം യൂറോ ആയിരുന്നു ആഴ്‌ചയിൽ വാൻഡൈക്കിന്‍റെ പ്രതിഫലം. ലെസ്റ്റർ സിറ്റിയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് 80 ദശലക്ഷം യൂറോയ്ക്ക് ഹാരി മഗ്വയറിനെ സ്വന്തമാക്കിയതിന് പിന്നാലെയാണ് ലിവ‍ർപൂൾ വാൻഡൈക്കിന്റെ പ്രതിഫലം ഉയർത്തിയത്. 

മഗ്വയർ യുണൈറ്റഡിൽ എത്തും മുൻപ് ലോക ഫുട്ബോളിലെ ഏറ്റവും വിലയേറിയ ഡിഫൻഡറായിരുന്നു വാൻഡൈക്ക്. യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരം നേടിയ വാൻഡൈക്ക് ഫിഫയുടെ മികച്ച താരത്തിനുള്ള ചുരുക്കപ്പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.