നിരാശാജനകമായ 2025-26 സീസണിന് ശേഷം ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ടിനെ പുറത്താക്കി. പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിന് ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി പൊരുതേണ്ടി വന്നു. ആദ്യ സീസണിൽ കിരീടം നേടിക്കൊടുത്ത സ്ലോട്ടിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ക്ലബ്ബ് ആരംഭിച്ചു.
ലിവര്‍പൂള്‍: നിരാശപ്പെടുത്തിയ 2025-26 സീസണിന് പിന്നാലെ മുഖ്യ പരിശീലകന്‍ ആര്‍നെ സ്ലോട്ടുമായുള്ള കരാര്‍ ലിവര്‍പൂള്‍ ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍ സീസണ്‍ അവസാനിപ്പിച്ചത്. വരും സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ ടീമിന് കടുത്ത പോരാട്ടം നടത്തേണ്ടി വന്നിരുന്നു. ആന്‍ഫീല്‍ഡിലെ തന്റെ ആദ്യ സീസണില്‍ തന്നെ ലിവര്‍പൂളിനെ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച് വെറും ഒരു വര്‍ഷം തികയുമ്പോഴാണ് ഡച്ച് പരിശീലകന്റെ ഈ അപ്രതീക്ഷിത പുറത്തുപോകല്‍.
2024ല്‍ ഫെയ്നൂര്‍ദില്‍ നിന്ന് ക്ലബ്ബിലെത്തിയതിന് പിന്നാലെ കിരീടനേട്ടത്തോടെ യുര്‍ഗന്‍ ക്ലോപ്പിന്റെ ഏറ്റവും മികച്ച പിന്‍ഗാമിയെന്ന് വാഴ്ത്തപ്പെട്ട ഒരു മാനേജറുടെ കരിയറിലെ നാടകീയമായ ഒരു വീഴ്ചയാണ് ഈ വേര്‍പിരിയല്‍. ''ക്ലബ്ബിന് മുന്നോട്ട് കുതിക്കാന്‍ ഒരു മാറ്റം അത്യാവശ്യമാണെന്ന നിഗമനത്തില്‍ ഞങ്ങള്‍ ഒരുമിച്ച് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഈ തീരുമാനം പെട്ടെന്ന് എടുത്ത ഒന്നല്ല എന്ന് ഞങ്ങള്‍ വ്യക്തമാക്കുന്നു.'' ലിവര്‍പൂള്‍ തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ സീസണിലെ നിരാശ നിലനില്‍ക്കുമ്പോഴും, ആദ്യ വര്‍ഷത്തില്‍ തന്നെ ടീമിന് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്ത മാനേജര്‍ എന്ന ഖ്യാതിയോടെയാണ് സ്ലോട്ട് ആന്‍ഫീല്‍ഡ് വിടുന്നത്.
എന്നാല്‍ ഇത്തവണ കിരീടം നിലനിര്‍ത്താനുള്ള ലിവര്‍പൂളിന്റെ ശ്രമങ്ങള്‍ തുടക്കത്തിലേ പാളി. സ്ഥിരതയില്ലാത്ത പ്രകടനം, ആഭ്യന്തര കപ്പുകളിലെ പരാജയം, ചാമ്പ്യന്‍സ് ലീഗ് യോഗ്യതയ്ക്കായുള്ള നീണ്ട പോരാട്ടം എന്നിവയാണ് ക്ലബ്ബ് മാനേജ്‌മെന്റിനെ ഇത്തരമൊരു മാറ്റത്തിന് പ്രേരിപ്പിച്ചത്. ''ഒരു ക്ലബ്ബ് എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു. ആര്‍നെ ലിവര്‍പൂളിന് നല്‍കിയ സംഭാവനകള്‍ വളരെ വലുതും അര്‍ത്ഥവത്തുമാണ്; അതിലുപരി ആരാധകര്‍ക്കും ഞങ്ങള്‍ക്കും ഏറ്റവും പ്രധാനപ്പെട്ട വിജയങ്ങള്‍ സമ്മാനിച്ച ഒന്നാണ്.'' ക്ലബ്ബ് കൂട്ടിച്ചേര്‍ത്തു.
ആരായിരിക്കും സ്ലോട്ടിന്റെ പിന്‍ഗാമി?
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ലിവര്‍പൂളിന്റെ സ്ഥിരമായ രണ്ടാമത്തെ മാത്രം പരിശീലകനായിട്ടാണ് 2024-ല്‍ ക്ലോപ്പിന് പകരം സ്ലോട്ട് ചുമതലയേറ്റത്. ആദ്യ സീസണ്‍ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നുവെങ്കിലും, ആ ആവേശം രണ്ടാം സീസണില്‍ നിലനിര്‍ത്താന്‍ സ്ലോട്ടിന് കഴിഞ്ഞില്ല. പുതിയ മാനേജരെ കണ്ടെത്താനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചതായി ക്ലബ്ബ് സ്ഥിരീകരിച്ചു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബോണ്‍മൗത്ത് പരിശീലകന്‍ അന്തോണി ഇറാവോളയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ബോണ്‍മൗത്തിനെ ലീഗില്‍ ആറാം സ്ഥാനത്ത് എത്തിക്കാനും ചരിത്രത്തിലാദ്യമായി യുവേഫ യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുക്കാനും ഇറാവോളയ്ക്ക് കഴിഞ്ഞിരുന്നു.

