നൗകാംപ്: ചാമ്പ്യന്‍സ് ലീഗില്‍ ലിയോണല്‍ മെസ്സി പൂര്‍ണ ആരോഗ്യവനായി തിരിച്ചെത്തിയ മത്സരത്തില്‍ ഇന്ററിന്റെ വിജയക്കുത്തിപ്പിന് കടിഞ്ഞാണിട്ട് ബാഴ്സ ജയിച്ചുകയറിയപ്പോള്‍ മിന്നിത്തിളങ്ങിയത് ലൂയി സുവാരസായിരുന്നു. രണ്ടു ഗോളോടെ ബാഴ്സയുടെ വിജയശില്‍പിയായ സുവാരസിന്റെ ആദ്യ ഗോളാണ് ഫുട്ബോള്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

രണ്ടാം മിനിട്ടില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളില്‍ ബാഴ്സ ആരാധകരെ ഞെട്ടിച്ച് ഇന്റര്‍ മുന്നിലെത്തിയപ്പോള്‍ വീണ്ടുമൊരു തോല്‍വി ബാഴ്സയെ തുറിച്ചുനോക്കി. എന്നാല്‍ ലീഡ് വര്‍ധിപ്പിക്കാന്‍ ലഭിച്ച ഒട്ടേറെ അവസരങ്ങള്‍ ഇന്റര്‍ മുന്നേറ്റ നിര കളഞ്ഞു കുളിച്ചപ്പോള്‍ കളിയുടെ ഗതിക്കെതിരായി അത്ഭുത ഗോളടിച്ച് സുവാരസ് ബാഴ്സയ്ക്ക് സമനില സമ്മാനിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ ആര്‍ട്ടുറോ വിദാലിന്റെ അളന്നുമുറിച്ച പാസ് ബോക്സിന് തൊട്ട് പുറത്തുനിന്ന് വെടിച്ചില്ല് പോലെ പോസ്റ്റിലേക്ക് പായിച്ച സുവാരസിന്റെ മികവാണ് ആരാധകരെ അമ്പരപ്പിച്ചത്. മോശം ഫോമിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് നടുവിലായിരുന്ന സുവാരസിന് വ്യക്തിപരമായും സന്തോഷം പകരുന്നതായി ഈ പ്രകടനം. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ മെസ്സിയുടെ പാസില്‍ നിന്ന് ബാഴ്സയുടെ വിജയഗോള്‍ നേടിയതും സുവാസരായിരുന്നു.