മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി- ലിവര്‍പൂള്‍ മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മുഹമ്മദ് സലായാണ് ലിവര്‍പൂളിന്റെ ഗോള്‍ നേടിയത്. ഗബ്രിയേല് ജീസസ് ഗോള്‍ മടക്കി. കെവിന്‍ ഡി ബ്രൂയ്ന്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് സിറ്റിക്ക് കനത്ത തിരിച്ചടിയായി. മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാം എതിരില്ലാത്ത ഒരു ഗോളിന് വെസ്റ്റ് ബ്രോമിനെ മറികടന്നു. ലെസ്റ്റര്‍ ഇതേ സ്‌കോറിന് വോള്‍വ്‌സിനെ തോല്‍പ്പിച്ചു.

സിറ്റി- ലിവര്‍പൂള്‍ മത്സരത്തില്‍ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 13ാം മിനിറ്റില്‍ സലായുടെ പെനാല്‍റ്റിയിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. എന്നാല്‍ സിറ്റിയുടെ മറുപടി ജീസസിലൂടെയായിരുന്നു. 42ാം മിറ്റില്‍ സിറ്റിക്ക് ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം ലഭിച്ചു. എന്നല്‍ ഡി ബ്രൂയ്‌നിന്റെ ഷോട്ട് ലക്ഷ്യം തെറ്റി പറന്നു. രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കും പന്ത് ഗോള്‍വര കടത്താനായില്ല.

വെസ്റ്റ് ബ്രോമിനെതിരെ ഹാരി കെയ്‌നിന്റെ ഏകഗോളാണ് ടോട്ടന്‍ഹാമിന് ജയം സമ്മാനിച്ചത്. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു ഗോള്‍. വോള്‍വ്‌സിനെതിരെ ജോമി വാര്‍ഡിയുടെ പെനാല്‍റ്റി ഗോള്‍ ലെസ്റ്ററിന് തുണയായി. 

ലെസ്റ്ററാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. എട്ട് മത്സരങ്ങളില്‍ 18  പോയിന്റാണ് അവര്‍ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുണ്ട്. ലിവര്‍പൂളിന് 17 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലാണ്.