മുംബൈ: മുംബൈയിൽ നടന്ന നെക്സ്റ്റ് ജനറേഷൻ കപ്പിൽ ചെൽസി യൂത്ത് ടീം ജേതാക്കളായി. ലീഗിലെ 5 മത്സരങ്ങളും ജയിച്ച് പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തിയാണ് കിരീടം സ്വന്തമാക്കിയത്. ലീഗിലെ അവസാന മത്സരത്തിൽ റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ചാമ്പ്സിന്, മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിനെ തോൽപ്പിക്കാനായത് ഇന്ത്യന്‍ ഫുട്ബോളിന് അഭിമാനമായി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യൻ ക്ലബ്ബിന്‍റെ ജയം. മലപ്പുറം മമ്പാട് സ്വദേശി സി കെ റാഷിദാണ് ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികളെ ത്രസിപ്പിച്ച വിജയഗോൾ നേടിയത്.

ലീഗിൽ 3 ജയം വീതം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീം പോയിന്‍റ് പട്ടികയിൽ രണ്ടാമതും റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ചാമ്പ്സ് മൂന്നാം സ്ഥാനത്തുമെത്തി. ഇന്ത്യൻ ക്ലബ്ബുകളായ എഫ് സി ഗോവ, ബംഗളൂരു എഫ് സി എന്നിവയുടെ യൂത്ത് ടീമുകളും പ്രീമിയർ ലീഗ് ക്ലബ്ബായ സതാംപ്ടൺ എഫ് സി യുടെ യൂത്ത് ടീമും ടൂർണമെന്‍റിൽ പങ്കെടുത്തിരുന്നു.

മലയാളിയായ സി കെ റാഷിദിന്‍റെ ഗോളാണ് മാഞ്ചസ്റ്റര്‍ യൂത്ത് ടീമിനെതിരെ റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ചാമ്പ്സിന് ജയം ഒരുക്കിയത്. പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ യൂത്ത് ടീമിനെതിരെ മിന്നും പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്. മുംബൈയിലെ ആര്‍ സി പി സ്റ്റേഡിയത്തിൽ നിന്നും സി കെ റാഷിദ് ഇന്ത്യന്‍ ഫുട്ബോളിന്‍റെ ഭാവി പ്രതീക്ഷകള്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ആദർശ് ബേബിക്കൊപ്പം പങ്കുവച്ചു.

വിജയശേഷം കളിക്കളത്തില്‍ നിന്ന് സികെ റാഷിദിന് പറയാനുള്ളത് : വിഡിയോ കാണാം: ചുവടെ