മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം നിലനിര്‍ത്താനിറങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് സീസണില്‍ വിജയത്തുടക്കം. വെസ്റ്റ് ഹാം യുനൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സിറ്റി തകര്‍ത്തുവിട്ടത്. റഹീം സ്റ്റെര്‍ലിംഗിന്റെ ഹാട്രിക്കാണ് സിറ്റിയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ ഹാട്രിക്കാണിത്. 51, 75, 90+1 മിനിറ്റിലായിരുന്നു സ്റ്റെര്‍ലിംഗിന്റെ ഗോളുകള്‍.

സെര്‍ജിയോ അഗ്യൂറോക്ക് പകരം ബ്രസീല്‍ താരം ഗബ്രിയേല്‍ ജീസസിനെ ആദ്യ ഇലവനില്‍ ഇറക്കിയ കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ തീരുമാനം ശരിവെച്ച് 25-ാം മിനിട്ടില്‍ ജീസസ് സിറ്റിയുടെ ആദ്യ ഗോള്‍ നേടി. ആറ് മിനിട്ടുകള്‍ക്ക് ശേഷം സ്റ്റെര്‍ലിംഗ് സിറ്റിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍ 53-ാം മിനിട്ടില്‍ ജീസസ് രണ്ടാം ഗോള്‍ നേടിയെങ്കിലും വീഡിയോ അസിസ്റ്റ് റഫറി സംവിധാന(വാര്‍)ത്തിലൂടെ ഗോള്‍ നിഷേധിക്കപ്പെട്ടു. ജീസസ് ഓഫ് സൈഡാണെന്ന് വാറില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഗോള്‍ നിഷേധിക്കപ്പെട്ടത്.

ഇതോടെ ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ വാര്‍ നടപ്പാക്കിയശേഷം ഗോള്‍ നിഷേധിക്കപ്പെടുന്ന ആദ്യ താരമായി ജീസസ്. 84-ാം മിനിട്ടില്‍ റിയാദ് മഹ്റെസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി പകരക്കാരനായി ഇറങ്ങിയ അഗ്യൂറോ ആദ്യം നഷ്ടമാക്കിയെങ്കിലും വാര്‍ പരിശോധനയില്‍ കിക്കെടുക്കുന്നതിന് തൊട്ടുമുമ്പ് വെസ്റ്റ് ഹാം താരം ബോക്സിലേക്ക് ഓടിക്കയറിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് റഫറി രണ്ടാമത് കിക്ക് എടുക്കാന്‍ അനുവദിച്ചു. രണ്ടാം കിക്കില്‍ അഗ്യൂറോ ഗോള്‍ നേടുകയും ചെയ്തു.