കോഴിക്കോട്: ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ മാതൃകയായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കേരളത്തിലെ ആരാധക കൂട്ടായ്മയായ സിറ്റിസണ്‍സ്. നടക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വനിതാ വിഭാഗം ടീമിനെ ദത്തെടുത്തുകൊണ്ടാണ് സിറ്റിസണ്‍സ് ശ്രദ്ധയാകര്‍ഷിക്കുന്നത്. 

ഈ മാസം നടക്കുന്ന സുബ്രതോ കപ്പിന് വേണ്ടി തയ്യാറെടുക്കുന്ന ടീമിന് വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കാന്‍ സിറ്റി ആരാധകര്‍ തീരുമാനിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സിറ്റിസണ്‍സ് കേരള ചെയര്‍മാന്‍ ഇര്‍ഫാന്‍ പൊട്ടച്ചോല ഫുട്‌ബോള്‍ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍, സിറ്റിസണ്‍സ് കേരള ഭാരവാഹികളായ ഗൗതം ബിമല്‍, ബാസിം അലി തുടങ്ങിയവര്‍ സംസാരിച്ചു.

ടൂര്‍ണമെന്റിന് മാത്രമല്ല സ്‌കൂളില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്ക് വേണ്ട എല്ലാ പ്രോത്സാഹനവും നല്‍കാന്‍ തയ്യാറാണെന്ന് സിറ്റിസണ്‍സ് ഭാരവാഹികള്‍ അറിയിച്ചു. നേരത്തെ, കോവളം ഫുട്ബാള്‍ ക്ലബ്ബിനെ സ്‌പോണ്‍സര്‍ ചെയ്തതും സിറ്റിസണ്‍സ് ആയിരുന്നു. 2016ലാണ് മാഞ്ചസ്റ്റര്‍ സിറ്റി സപ്പോര്‍ട്ടേഴ്സ് ക്ലബ് കേരളം എന്ന പേരില്‍ ആദ്യത്തെ ആരാധക സംഘം രൂപപ്പെടുന്നത്.