മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. കഴിഞ്ഞ മത്സരത്തില്‍ നോര്‍വിച്ച് സിറ്റിയോട് പരാജയപ്പെട്ട സിറ്റി ഇന്ന് നടന്ന മത്സരത്തില്‍ വാറ്റ്‌ഫോര്‍ഡിനെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ എവര്‍ട്ടണ്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഷെഫീല്‍ഡ് യുനൈറ്റഡിനോട് പരാജയപ്പെട്ടു. ബേണ്‍ലിക്കെതിരായ മത്സരത്തില്‍ നോര്‍വിച്ച് സിറ്റിക്കും പിടിച്ചുനില്‍ക്കാനായില്ല. 

ബെര്‍ണാഡോ സില്‍വയുടെ ഹാട്രിക് പ്രകടനാണ് സിറ്റിയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യൂറോ, റിയാദ് മെഹ്‌റസ്, നിക്കോളാസ് ഒട്ടമെന്‍ഡി, കെവിന്‍ ഡി ബ്രുയ്ന്‍ എന്നിവര്‍ ഓരോ ഗോള്‍ നേടി. മത്സരത്തില്‍ 18 മിനിറ്റ് ആയുസള്ളപ്പോള്‍ തന്നെ സിറ്റി അഞ്ച് തവണ വാറ്റ്‌ഫോര്‍ഡിന്റെ വല കുലുക്കിയിരുന്നു. ഇത്തത്തെ ഗോളോടെ സിറ്റിയുടെ ഹോംഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ മാത്രം 100 ഗോള്‍ തികയ്ക്കുന്ന താരമായി അഗ്യൂറോ. 

യാരി മിന, ലൈസ് മൗസറ്റ് എന്നിവരുടെ ഗോളുകളാണ് എവര്‍ട്ടണെതിരെ ഷെഫീല്‍ഡിന് ജയമൊരുക്കിയത്. മത്സരത്തില്‍ പൂര്‍ണ ആധിപത്യം എവട്ടണായിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ ഷെഫീല്‍ഡ് മുതലാക്കി. നോര്‍വിച്ചിനെതിരെ ക്രിസ് വുഡ് 10, 14 മിനിറ്റുകളില്‍ നേടിയ ഗോളുകളാണ് ബേണ്‍ലിക്ക് ജയമൊരുക്കിയത്. നേരത്തെ നടന്ന മറ്റു മത്സരങ്ങളില്‍ ലെസ്റ്റര്‍ 2-1ന് ടോട്ടന്‍ഹാമിനേയും ബേണ്‍മൗത്ത് 1-3ന് സതാംപ്ടണേയും തോല്‍പ്പിച്ചിരുന്നു.