സിറ്റിക്കായി 50-ാം ചാംപ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങിയ ഡി ബ്രുയ്ന്‍ 11-ാം ഗോളാണ് നേടിയത്. പകരക്കാരനായി ഇറങ്ങിയ ഫില്‍ ഫോഡനാണ് ഗോളിന് വഴിയൊരുക്കിയത്. മത്സരത്തില്‍ 76 ശതമാനം സമയവും പന്ത് നിയന്ത്രണത്തിലാക്കിയത് സിറ്റിയായിരുന്നു.

മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗ് (Champions League) ഫുട്‌ബോള്‍ ആദ്യപാദ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് (Manchester City) ജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കൊ മാഡ്രിഡിനെ (Atletico Madrid) എതിരില്ലാത്ത ഒരുഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്. 70ആം മിനിറ്റില്‍ ഡി ബ്രൂണെയാണ് ഗോള്‍ നേടിയത്.

സിറ്റിക്കായി 50-ാം ചാംപ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങിയ ഡി ബ്രുയ്ന്‍ 11-ാം ഗോളാണ് നേടിയത്. പകരക്കാരനായി ഇറങ്ങിയ ഫില്‍ ഫോഡനാണ് ഗോളിന് വഴിയൊരുക്കിയത്. മത്സരത്തില്‍ 76 ശതമാനം സമയവും പന്ത് നിയന്ത്രണത്തിലാക്കിയത് സിറ്റിയായിരുന്നു. എന്നാല്‍ അത്‌ലറ്റികോയുടെ അമിത പ്രതിരോധം ഗോളില്‍ നിന്നകറ്റി നിര്‍ത്തി. 

അഞ്ച് പ്രതിരോധ താരങ്ങളെ അണിനിരത്തിയാണ് ഡിയേഗോ സിമിയോണി ടീമിനെ ഒരുക്കിയത്. മധ്യനിരയില്‍ മൂന്ന് പേരും മുന്നേറ്റത്തില്‍ രണ്ട് താരങ്ങളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവരെല്ലാം മിക്കപ്പോഴും പ്രതിരോധ നിരയിലാണ് കളിച്ചത്. സിറ്റിയുടെ അവരുടെ ഗ്രൗണ്ടില്‍ പ്രതിരോധിച്ചുനിര്‍ത്തുകയായിരുന്നു ലക്ഷ്യം. 

ഒരു പരിധിവരെ വിജയിച്ചെങ്കിലും 70-ാം മിനിറ്റില്‍ ഡി ബ്രൂയ്ന്‍ വല കുലുക്കി. ഒരുഷോട്ട് പോലും സിറ്റിയുടെ ഗോള്‍ കീപ്പറെ പരീക്ഷിക്കാനെത്തിയില്ല. ഈ മാസം 13ന് മാഡ്രിഡ് മൈതാനത്താണ് രണ്ടാം പാദം.

മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ബെന്‍ഫിക്കയെ തോല്‍പ്പിച്ചു.ബെന്‍ഫിക്കയുടെ ഗ്രൗണ്ടില്‍ ആദ്യ പകുതിയില്‍ തന്നെ ലിവര്‍പൂള്‍ രണ്ട് ഗോളിന് മുന്നിലെത്തി. സെന്റര്‍ ബാക്ക് ഇബ്രാഹിമ കൊനാട്ടെ, സാദിയോ മാനേ, ലൂയിസ് ഡയസ് എന്നിവരാണ് ലിവര്‍പൂളിനായി ഗോള്‍ നേടിയത്. ഡാര്‍വിന്‍ നൂനസ് ബെന്‍ഫിക്കയുടെ ആശ്വാസ ഗോള്‍ നേടി. 

തുടര്‍ച്ചയായ എട്ടാം എവേ ജയത്തോടെ ക്ലബ്ബ് റെക്കോര്‍ഡ് സ്വന്തമാക്കാനും ക്ലോപ്പിന്റെ ടീമിന് കഴിഞ്ഞു. അടുത്തയാഴ്ച ലിവര്‍പൂള്‍ മൈതാനമായ ആന്‍ഫീല്‍ഡിലാണ് രണ്ടാം പാദം.