ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ലിവര്‍പൂള്‍ മുന്‍ ചാംപ്യന്മാരയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടും. രാത്രി ഒമ്പതിന് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം. 

പരിക്കേറ്റ ഗോളി ഡേവിഡ് ഡി ഹിയയും പോള്‍ പോഗ്ബയും ഇല്ലാതെയാണ് യുണൈറ്റഡ് ഇറങ്ങുന്നത്. ലിവര്‍പൂള്‍ ആവട്ടെ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല.  എട്ട് കളിയും ജയിച്ച ലിവര്‍പൂള്‍ 24 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒമ്പത് പോയിന്റ് മാത്രമുള്ള യുണൈറ്റഡ് പതിനഞ്ചാം സ്ഥാനത്താണ്.

ഇന്നലെ നടന്ന മത്സരങ്ങളില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും ജയം നേടി. ചെല്‍സി ഒരു ഗോളിന് ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പിച്ചു. എഴുപത്തിമൂന്നാം മിനിറ്റില്‍ മാര്‍ക്കോസ് അലോന്‍സോയാണ് ചെല്‍സിയെ രക്ഷിച്ച ഗോള്‍ നേടിയത്. ലീഗില്‍ ചെല്‍സിയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ജയത്തോടെ 17 പോയിന്റുമായി ചെല്‍സി ലീഗില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 

മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. ഗബ്രിയേല്‍ ജീസസ്, ഡേവിഡ് സില്‍വ എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്. ഒമ്പത് മത്സരങ്ങളില്‍ 19 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ സിറ്റി.