ബ്രസ്സല്‍സ്: യുവേഫ യൂറോപ ലീഗ് നോക്കൗട്ട് റൗണ്ടില്‍ നോക്കൗട്ട് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില. ആദ്യ പാദ മത്സരത്തില്‍ ബെല്‍ജിയം ടീമായ ക്ലബ് ബ്രുഗാണ് യുനൈറ്റഡിനെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 15ാം മിനുട്ടില്‍ ഇമ്മാനുവേല്‍ ബൊണവെഞ്ച്വറിലൂടെ ക്ലബ് ബ്രുഗ് മുന്നിലെത്തി. ആന്റണി മാര്‍ഷ്യലാണ് യുനൈറ്റഡിനായി ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ ഇന്റര്‍മിലാന് ജയം. ബള്‍ഗേറിയന്‍ ക്ലബ്ബായ ലുഡോഗോറെറ്റ്‌സിനെ ഇന്റര്‍ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ക്രിസ്റ്റ്യന്‍ എറിക്‌സണും റൊമേലു ലുക്കാക്കുവുമാണ് ഇന്ററിന്റെ സ്‌കോറര്‍മാര്‍. നോക്കൗട്ട് റൗണ്ടിലെ ആദ്യമത്സരത്തില്‍ ആഴ്‌സനലും ജയിച്ചു. ഒളിന്പിയാക്കോസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സനല്‍ തോല്‍പ്പിച്ചത്. 81ആം മിനുട്ടില്‍ അലക്‌സാന്‍ഡ്രെ ലക്കസാട്ടെയാണ് ആഴ്‌സനലിനായി ഗോള്‍ നേടിയത്. 

മറ്റ് മത്സരങ്ങളില്‍ എസ്പാന്യോളിനെ വൂള്‍വ്‌സ് എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തു. അയാക്‌സിനെ ഗെറ്റഫെയും മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ബെന്‍ഫിക്ക ഷാക്തറിനോട് തോറ്റപ്പോള്‍ എഎസ് റോമയും ബയര്‍ ലെവര്‍ക്യൂസനും ജയം കണ്ടെത്തി.