2013-ന് ശേഷം പ്രീമിയർ ലീഗ് കിരീടം കൈയെത്തി പിടിക്കാൻ സാധിച്ചിട്ടില്ലാത്ത യുണൈറ്റഡിന് കഴിഞ്ഞ കുറേ നാളുകളായി കടുത്ത തിരിച്ചടികളാണ് നേരിട്ടത്.
മാഞ്ചസ്റ്റർ: പതിമൂന്ന് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടുകയെന്ന സ്വപ്നവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ സീസണിന് തുടക്കമിടുന്നു. ശനിയാഴ്ച നടക്കുന്ന സീസണിലെ ആദ്യ പോരാട്ടത്തിൽ ഹൾ സിറ്റിയാണ് റെഡ് ഡെവിൾസിന്‍റെ എതിരാളികൾ. പ്രീമിയർ ലീഗ് ചരിത്രത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോളം പ്രതാപമുള്ള മറ്റൊരു ടീമില്ല. 1993-ലെ പ്രഥമ സീസണിലടക്കം 13 കിരീടങ്ങൾ സർ അലക്സ് ഫെർഗൂസന്‍റെ ശിക്ഷണത്തിൽ ക്ലബ്ബ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ 2013-ന് ശേഷം പ്രീമിയർ ലീഗ് കിരീടം കൈയെത്തി പിടിക്കാൻ സാധിച്ചിട്ടില്ലാത്ത യുണൈറ്റഡിന് കഴിഞ്ഞ കുറേ നാളുകളായി കടുത്ത തിരിച്ചടികളാണ് നേരിട്ടത്. എങ്കിലും കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഇത്തവണ കളത്തിലിറങ്ങുന്നത്.
ക്ലബ്ബ് ഇതിഹാസം മൈക്കൽ കാരിക്കിന്‍റെ പരിശീലനത്തിന് കീഴിലാണ് യുണൈറ്റഡ് പുതിയ പ്രതീക്ഷകളോടെ ഇറങ്ങുന്നത്. ടീമിന്‍റെ ചരിത്രവും പാരമ്പര്യവും ആരാധക പിന്തുണയുമെല്ലാം നന്നായി അറിയുന്ന കാരിക്ക് ഇതിനകം തന്നെ മികച്ച ഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കാരിക്കിന് കീഴിൽ കളിച്ച 17 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് യുണൈറ്റഡ് തോൽവി വഴങ്ങിയത്. എന്നാൽ പ്രതിരോധ നിരയിലെ പോരായ്മകൾ പരിഹരിക്കുകയാവും കാരിക്കിന്‍റെ പ്രധാന വെല്ലുവിളി.
കഴിഞ്ഞ സീസണിൽ 69 ഗോളുകൾ അടിച്ചെങ്കിലും 50 ഗോളുകൾ വഴങ്ങേണ്ടി വന്നത് ടീമിന് തിരിച്ചടിയായി. ഹാരി മഗ്വയർ, മത്യാസ് ഡി ലൈറ്റ്, ലിസാൻഡ്രോ മാർട്ടിനസ് എന്നിവർ ഉണർന്ന് കളിച്ചാൽ മാത്രമേ പ്രതിരോധം ഭദ്രമാകൂ. മധ്യനിരയിൽ നായകൻ ബ്രൂണോ ഫെർണാണ്ടസിന് അനുയോജ്യരായ കൂട്ടുതാരങ്ങളുടെ അഭാവമുണ്ട്. ട്രാൻസ്ഫർ ജാലകം അടയും മുൻപ് ഒന്നോ രണ്ടോ മികച്ച മധ്യനിര താരങ്ങൾ സ്ക്വാഡിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുന്നേറ്റനിരയിൽ ബ്രയാൻ എംബ്യൂമോ, ബെഞ്ചമിൻ സെസ്കോ, മത്തേയൂസ് കൂഞ്ഞ എന്നീ ത്രയത്തെയാണ് യുണൈറ്റഡ് ഗോളിനായി പ്രധാനമായും ആശ്രയിക്കുന്നത്. മൂവരും ഫോമിലേക്കെത്തിയാൽ പരിശീലകൻ കാരിക്കിന് ആശങ്കയുണ്ടാവില്ല. ബെഞ്ചിലുള്ള കഴിവുറ്റ യുവതാരങ്ങളുടെ സാന്നിധ്യവും ടീമിന് കരുത്ത് പകരും. നിലവിലെ മൂന്നാം സ്ഥാനത്ത് നിന്ന് പ്രീമിയർ ലീഗ് കിരീടത്തിലേക്ക് എത്തോണമെങ്കിൽ ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി എന്നീ വൻശക്തികളുടെ കടുത്ത വെല്ലുവിളികൾ യുണൈറ്റഡിന് മറികടക്കേണ്ടി വരും.
