Asianet News MalayalamAsianet News Malayalam

യുവേഫ ചാംപ്യന്‍സ് ലീഗ്: മാഞ്ചസ്റ്ററിന് ഞെട്ടിക്കുന്ന തോല്‍വി; ബാഴ്‌സ ബയേണിന് മുന്നില്‍ തകര്‍ന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിന് മുന്നിലെത്തിയിട്ടും യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളിന് യംഗ് ബോയ്‌സിനോട് തോറ്റു.

Manchester United and Barcelon started champions league campaign with loss
Author
Zürich, First Published Sep 15, 2021, 10:09 AM IST

സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിന് മുന്നിലെത്തിയിട്ടും യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളിന് യംഗ് ബോയ്‌സിനോട് തോറ്റു. അതേസമയം ബാഴ്‌സലോണ എതിരില്ലാത്ത മൂന്ന് ഗോളിന് ബയേണ്‍ മ്യൂനിച്ചിനോട് പരാജയപ്പെട്ടു. യുവന്റസ്, ചെല്‍സി ടീമുകള്‍ വിജയം കണ്ടു.

ലിംഗാര്‍ഡിന്റെ പിഴവിലൂടെയാണ് യംഗ് ബോയ്‌സ് വിജയം തട്ടിയെടുത്തത്. 13-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ ഗോളിലൂടെ മാഞ്ചസ്റ്റര്‍ മുന്നിലെത്തി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. പ്രീമിയര്‍ ലീഗിന് പിന്നാലെ ചാംപ്യന്‍സ് ലീഗിലും ക്രിസ്റ്റ്യാനോ യുണൈറ്റഡിനായി ലക്ഷ്യം കണ്ടു.  35-ാം മിനിറ്റില്‍ ആരോണ്‍ ബിസ്സാക ചുവപ്പുകാര്‍ഡ് കണ്ടതോടെ യുണൈറ്റഡ് പത്തുപേരായി ചുരുങ്ങി.

പലതവണ ഗോളിന് അരികെയെത്തിയ യംഗ്‌ബോയ്‌സ് ഒപ്പമെത്തിയത് അറുപത്തിയാറാം മിനിറ്റില്‍. നൗമി ഗമേലുവാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് വിജയഗോളും പിറന്നു. പ്രതിരോധത്തില്‍ ലിംഗാര്‍ഡിന് വന്ന പിഴവ് തിയോസണ്‍ സീബാഷു ഗോളാക്കി മാറ്റി.

ബാഴ്‌സയ്‌ക്കെതിരെ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോളാണ് ബയേണിന് വിജയമൊരുക്കിയത്. ഒരു ഗോള്‍ തോമസ് മുള്ളറുടെ വകയായിരുന്നു.മറ്റൊരു മത്സരത്തില്‍ ചെല്‍സി എതിരില്ലാത്ത ഒരു ഗോളിന് സെനിത്തിനെ തോല്‍പ്പിച്ചു. റൊമേലു ലുക്കാകുവാണ് വിജയഗോള്‍ നേടിയത്.

യുവന്റസിനും ജയത്തോടെ തുടങ്ങാനായി. മാല്‍മോയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് യുവന്റസ് തോല്‍പ്പിച്ചത്. 23ആം മിനിറ്റില്‍ അലക്‌സാണ്ട്രോ, 45-ാംം പൗളോ ഡിബാല, ഇഞ്ച്വറി ടൈമില്‍ ആല്‍വാരോ മൊറാട്ട എന്നിവരാണ് ഗോളുകള്‍ നേടിയത്. 

വിയ്യാറയല്‍- അറ്റ്‌ലാന്‍ഡ, ലിലെ- വുള്‍ഫ്‌സ്ബര്‍ഗ്, ബെന്‍ഫിക്ക- ഡൈനാമോ കീവ്, സെവിയ്യ- ആര്‍ ബി സാല്‍സ് ബര്‍ഗ് മത്സരം സമനിലയില്‍ അവസാനിച്ചു.

Follow Us:
Download App:
  • android
  • ios