ലിന്‍സ്: യൂറോപ്പ ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യപാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗംഭീര വിജയം. ഓസ്‌ട്രിയൻ ക്ലബായ ലാസ്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചു. ഇഗാളോ, ഡാനിയൽ ജെയിംസ്, മാറ്റ, ഗ്രീൻവുഡ്, പെരേര എന്നിവർ മാഞ്ചസ്റ്ററിനായി ലക്ഷ്യം കണ്ടു.

ഇഞ്ചുറിടൈമിലും രണ്ട് ഗോള്‍!

ഇരുപത്തിയെട്ടാം മിനുറ്റില്‍ ഇഗാളോയുടെ ഗോളില്‍ യുണൈറ്റഡ് മുന്നിലെത്തി. മറ്റ് നാല് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. ഇതില്‍ രണ്ടെണ്ണം ഇഞ്ചുറിടൈമിലായിരുന്നു എന്നതും സവിശേഷതയാണ്. ഗ്രീന്‍വുഡും(90+1), പെരേരയും(90+3) ആണ് വലചലിപ്പിച്ചത്.

കൊറോണ ഭീഷണി കാരണം ആളില്ലാത്ത സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങിയ ലാസ്കിന് സ്വന്തം കാണികളുടെ പിന്തുണ ഇല്ലാത്തത് വലിയ തിരിച്ചടി തന്നെയായി. യൂറോപ്പ ലീഗിൽ തുടർച്ചായ രണ്ടാം മത്സരത്തിലാണ് യുണൈറ്റഡ് എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് ജയിക്കുന്നത്. ക്ലബ് ബ്രുഗേയേയും യുണൈറ്റഡ് അഞ്ചു ഗോളിന് തോൽപ്പിച്ചിരുന്നു.