Asianet News MalayalamAsianet News Malayalam

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സമനിലയില്‍ തളച്ച് എവര്‍ട്ടണ്‍; ഇന്ന് സിറ്റി- ലിവര്‍പൂള്‍ പോരാട്ടം

ആസ്റ്റന്‍വില്ല ഒറ്റഗോളിന് ആഴ്‌സണലിനെ തോല്‍പിച്ചു. രണ്ടാം മിനിറ്റില്‍ വാറ്റ്കിന്‍സാണ് നിര്‍ണായക ഗോള്‍ നേടിയത്.

Manchester United drew with Everton in EPL
Author
Manchester, First Published Feb 7, 2021, 10:00 AM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി എവര്‍ട്ടന്‍. ഇരു ടീമുകളും 3 ഗോള്‍ വീതമാണ് നേടിയത്. രണ്ട് ഗോളിന് മുന്നില്‍നിന്ന ശേഷമാണ് യുണൈറ്റഡിനെ എവര്‍ട്ടന്‍ പിടിച്ചുകെട്ടിയത്. 24-ാം മിനിറ്റില്‍ എഡിസന്‍ കവാനി, 45-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ യുണൈറ്റഡിനായി ഗോള്‍ നേടി. 49, 52 മിനിറ്റുകളില്‍ എവര്‍ട്ടന്‍ ഗോള്‍ മടക്കി. 70 ആം മിനിറ്റില്‍ സ്‌കോട്ട് മക്‌ടോമിനെ യുണൈറ്റഡിനെ വീണ്ടും മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമില്‍ കാള്‍വെര്‍ട്ട് ലെവിന്റെ ഗോളിലൂടെ എവര്‍ട്ടന്‍ സമനില സ്വന്തമാക്കുകയായിരുന്നു.

അതേസമയം ആഴ്‌സണലിന്റെ കഷ്ടകാലം തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ആസ്റ്റന്‍വില്ല ഒറ്റഗോളിന് ആഴ്‌സണലിനെ തോല്‍പിച്ചു. രണ്ടാം മിനിറ്റില്‍ വാറ്റ്കിന്‍സാണ് നിര്‍ണായക ഗോള്‍ നേടിയത്. പത്താം തോല്‍വി നേരിട്ട ആഴ്‌സണല്‍, 31 പോയിന്റുമായി ലീഗില്‍ പത്താം സ്ഥാനത്താണ്. 35 പോയിന്റുള്ള ആസ്റ്റന്‍വില്ല എട്ടാം സ്ഥാനത്തും.

ഇന്ന് വമ്പന്‍ പോരാട്ടമാണ് പ്രീമിയര്‍ ലീഗില്‍. നിലവിലെ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. രാത്രി പത്തിന് ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ് മത്സരം. 21 കളിയില്‍ 14 ജയവുമായി 47 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 22 കളിയില്‍ 11 ജയമുള്ള ലിവര്‍പൂള്‍ 40 പോയിന്റുമായി നാലാം സ്ഥാനത്താണ്. 

മുഹമ്മദ് സലാ സ്‌കോറിംഗ് മികവ് വീണ്ടെടുത്ത ആത്മവിശ്വാസത്തിലാണ് ലിവര്‍പൂള്‍. അതേസമയം പരിക്കില്‍ നിന്ന് മോചിതരാവാത്ത സെര്‍ജിയോ അഗ്യൂറോയും കെവിന്‍ ഡി ബ്രൂയിനും ഇല്ലാതെയാവും സിറ്റി ഇറങ്ങുക. മറ്റ് മത്സരങ്ങളില്‍ ടോട്ടനം, വെസ്റ്റ് ബ്രോമിനെയും ചെല്‍സി, ഷെഫീല്‍ഡ് യുണൈറ്റഡിനെയും നേരിടും.

Follow Us:
Download App:
  • android
  • ios