മാഞ്ചസ്റ്റര്‍: കൊവിഡ് 19 ഭീഷണി ശക്തമായതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലനം റദ്ദാക്കി. പ്രീമിയര്‍ ലീഗ് നിര്‍ത്തിവച്ചപ്പോഴും യുണൈറ്റഡ് താരങ്ങള്‍ ഇന്നലെ വരെ പരിശീലനം നടത്തിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യം മോശമാകുന്ന സാഹചര്യത്തില്‍ യുണൈറ്റഡ് പരിശീലനം അവസാനിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശവും പരിശീലനം നിര്‍ത്താന്‍ കാരണമായി. വീടുകളില്‍ ഫിറ്റ്‌നസ് പരിശീലനം തുടരണമെന്ന് ക്ലബ് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പ്രീമിയര്‍ ലീഗ് നിര്‍ത്തിവച്ചാല്‍ ലിവര്‍പൂളിന് കിരീടം നല്‍കരുതെന്ന് മുന്‍ ഇംഗ്ലീഷ് താരം അലന്‍ ഷിയറര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം തുടര്‍ന്നു... ''സീസണ്‍ പൂര്‍ത്തിയാക്കാതെ എങ്ങനെയാണ് ലിവര്‍പൂളിനെ ജേതാക്കളാക്കുക? ലീഗ് നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ വിജയികളോ റിലഗേഷനോ ഒന്നും പാടില്ല. ഇതേ ടീമുകളെ വെച്ച് അടുത്ത സീസണ്‍ ആരംഭിക്കണം.'' ഷിയറര്‍ പറഞ്ഞുനിര്‍ത്തി.

ലീഗില്‍ രണ്ട് ജയങ്ങള്‍ കൂടി നേടിയാല്‍ ലിവര്‍പൂളിന് കിരീടം ഉറപ്പിക്കാം. 1989-90 സീസണിലാണ് ലിവര്‍പൂള്‍ അവസാനമായി കിരീടം ഉയര്‍ത്തിയത്.