ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തുടക്കം തോല്‍വിയോടെ. ക്രിസ്റ്റല്‍ പാലസ് ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മാഞ്ചസ്റ്ററിനെ അട്ടിമറിച്ചത്. മറ്റൊരു മത്സരത്തില്‍ ലീഡ്‌സ് മൂന്നിനെതിരെ നാല് ഗോളിന് ഫുള്‍ഹാമിനെ മറികന്നു. എവര്‍ട്ടണാവട്ടെ രണ്ടിനെതിരെ അഞ്ച് ഗോളിന് വെസ്റ്റ് ബ്രോമിനെ തോല്‍പ്പിച്ചു. 

ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ വില്‍ഫ്രഡ് സാഹയുടെ ഇരട്ടഗോളുളാണ് പാലസിന് ജയമൊരുക്കിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ആന്‍ഡ്രോസ് ടൗണ്‍സെന്‍ഡിന്റെ ഗോളിലൂടെ ക്രിസ്റ്റല്‍ പാലസ് മുന്നിലെത്തി. ജെഫ്രി ഷ്‌ളുപ്പിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. 74ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി സാഹ ലീഡുയര്‍ത്തി. 80ാം മിനിറ്റില്‍ ഡോണി വാന്‍ ഡി ബീക്കിന്റെ ഗോളിലൂടെ മാഞ്ചസ്റ്ററിന് ഒപ്പമെത്താമെന്നുള്ള പ്രതീക്ഷയായി. എന്നാല്‍ അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം സാഹ നേടിയ രണ്ടാം ഗോല്‍ ക്രിസ്റ്റല്‍ പാലസിന്റെ വിജയം സമ്മാനിച്ചു.

അലക്‌സാണ്ട്രേ ലകസറ്റെ, എഡ്ഡി ഗെറ്റിയ എന്നിവര്‍ നേടിയ ഗോളുകളാണ് വെസ്റ്റ് ഹാമിനെതിരെ ആഴ്‌സനലിന് ജയമൊരുക്കിയത്. മൈക്കല്‍ അന്റോണിയോയുടെ വകയായിരുന്നു വെസ്റ്റ് ഹാമിന്റെ ഹോള്‍. 25ാം മിനിറ്റില്‍ ലകസറ്റെ ആദ്യ ഗോള്‍ നേടി. 45ാം മിനിറ്റില്‍ അന്റോണിയോടെ മറുപടി ഗോളെത്തി. മത്സരം അവാസനിക്കാന്‍ അഞ്ച് മിനിറ്റ് മുമ്പ് ഗെറ്റിയ വിജയഗോള്‍ നേടി. ആഴ്‌സനലിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

ഡൊമിനിക് കാല്‍വെര്‍ട്ട് ലൂയിനിന്റെ ഹാട്രിക്കാണ് എവര്‍ട്ടണ് ജയം സമ്മാനിച്ചത്. കൂടാതെ പുത്തന്‍ സൈനിംഗ് ജയിംസ് റോഡ്രിഗസും ടീമിനായി ഗോള്‍ നേടി. മൈക്കല്‍ കീനിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. രണ്ട് തവണ ലീഡെടുത്ത ശേഷമാണ് വെസ്റ്റ് ബ്രോം തോല്‍വി സമ്മതിച്ചത്. ഗ്രാഡി ഡിയങ്കാന, മതേവൂസ് പെരേര എന്നിവരാണ് വെസ്റ്റ് ബ്രോമിന്റെ ഗോളുകള്‍ നേടിയത്. ഇതിനിടെ ആദ്യ പകുതിയില്‍ കീറന്‍ ഗിബ്‌സ് ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി.

ഹെല്‍ഡര്‍ കോസ്റ്റയുടെ ഇരട്ട ഗോളുകളാണ് ഫുള്‍ഹാമിനെതിരെ ലീഡ്‌സിന് ജയം സമ്മാനിച്ചത്. മതേവൂസ് ക്ലിച്ച്, പാട്രിക് ബാംഫോര്‍ഡ് എന്നിവരും ലീഡ്‌സിനായി ഗോള്‍ നേടി. ഫുള്‍ഹാമിനായി അലക്‌സാണ്ടര്‍ മിട്രോവിച്ച് ഇരട്ട ഗോള്‍ നേടി. ബോബി റീഡിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍.