ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സനലിനെതിരെ ലിവര്‍പൂളിന് ജയം. ആന്‍ഫീല്‍ഡില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. 41ാം മിനിറ്റില്‍ ജോയല്‍ മാറ്റിപ്പ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ മുഹമ്മദ് സലാ നേടിയ ഇരട്ടഗോളില്‍ ലിവര്‍പൂള്‍ ജയം പൂര്‍ത്തിയാക്കി.

49, 58 മിനിറ്റുകളിലാണ് സലാ ഗോള്‍ നേടിയത്. 85ാം മിനിറ്റില്‍ ലൂക്കാസ് ടൊറൈറ ആഴ്‌സനലിന്റെ ആശ്വാസഗോള്‍ നേടി. ഇതോടെ സീസണിലെ മൂന്ന് കളിയില്‍ ലിവര്‍പൂളിന് ഒമ്പത് പോയിന്റായി. സീസണിലെ എല്ലാ മത്സരങ്ങും ജയിച്ച ഏക ടീമും ലിവര്‍പൂളാണ്. 

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സ്വന്തം ഗ്രൗണ്ടില്‍ ഞെട്ടിപ്പിക്കുന്ന തോല്‍വി. ക്രിസ്റ്റല്‍ പാലസ് ഒന്നിനെതിരെ രണ്ട് ഗോളിന് യുനൈറ്റഡിനെ അട്ടിമറിച്ചു. ഇഞ്ചുറി സമയത്ത് പാട്രിക്ക് വാന്‍ ആന്‍ഹോള്‍ട്ടാണ് നിര്‍ണായകഗോള്‍ നേടിയത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് പെനാല്‍റ്റി പാഴാക്കിയത് യുണൈറ്റഡിന് കനത്ത തിരിച്ചടിയായി.

32ആം മിനിറ്റില്‍ ജോര്‍ദാ അയ്യൂവിലൂടെ ക്രിസ്റ്റല്‍ പാലസ് മുന്നിലെത്തിയങ്കിലും 89ാം മിനിറ്റില്‍ ഡാനിയേല്‍ ജയിംസ് യുണൈറ്റഡിനായി തിരിച്ചടിച്ചു. എന്നാല്‍ ഇഞ്ചുറി സമയത്തെ ഗോളില്‍ യുനൈറ്റഡ് തോല്‍വി ചോദിച്ചുവാങ്ങി.