ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ ഡാര്‍ബി. നാളെ പുലര്‍ച്ചെ 1.15ന് നടക്കുന്ന സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. പുതുവര്‍ഷത്തില്‍ ആദ്യമായിട്ടാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഒരു വര്‍ഷം മുമ്പ് സിറ്റിയോട് തോറ്റ് ലീഗ് കപ്പില്‍ നിന്ന് മടങ്ങിയ യുണൈറ്റഡ് അല്ല ഇപ്പോള്‍ കളത്തില്‍. ഒലേ സോള്‍ഷെയറിന് കീഴില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തുന്ന ചുവന്ന ചെകുത്താന്മാര്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തിന് തൊട്ടരികിലാണ്.

ഹോസെ മൗറീഞ്ഞോയുടെ ആദ്യ സീസണിന് ശേഷം പ്രധാന കിരീടങ്ങള്‍ ഒന്നും ഷോക്കേസില്‍ എത്തിച്ചിട്ടില്ലാത്ത യുണൈറ്റഡിന് ഇക്കുറി ആത്മവിശ്വാസം ഏറെ. വിലക്ക് നേരിടുന്ന എഡിന്‍സണ്‍ കവാനിയുടെ അഭാവം തിരിച്ചടിയാകില്ലെന്നാണ് സോള്‍ഷെയറിന്റെ പ്രതീക്ഷ. സമീപവര്‍ഷങ്ങളിലാദ്യമായി യുണൈറ്റഡിന്റെ നിഴലിലേക്ക് ഒതുങ്ങിയ സിറ്റിയും തിരിച്ചുവരവിന് ഊര്‍ജ്ജമാകുന്ന ജയം ലക്ഷ്യമിടും. 
 
കൊവിഡും പരിക്കുമൊക്കെയായി ചില പ്രമുഖരില്ലാത്തതിന്റെ ക്ഷീണമുണ്ട് നീലപ്പടയ്ക്ക്. സോള്‍ഷെയറിനെതിരെ ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ വലിയ വിജയം നേടിയിട്ടില്ലെന്ന ആശങ്ക വേറെ. അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്നിലും ഗ്വാര്‍ഡിയോളയ്ക്കുമേല്‍ യുനൈറ്റഡ് പരിശീലകനായിരുന്നു ആധിപത്യം. ഏപ്രില്‍ 25നാണ് ലീഗ് കപ്പ് ഫൈനല്‍.