ജര്‍മനിയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ലോകകപ്പില്‍ പാരഗ്വായോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2014-ല്‍ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്ന നോയര്‍ 128 മത്സരങ്ങളില്‍ ജര്‍മനിക്കായി കളിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞ് ജര്‍മനിയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍. ലോകകപ്പില്‍ നിന്ന് ജര്‍മനി പുറത്തായതിന് പിന്നാലെയാണ് 40-കാരനായ താരം തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. പാരഗ്വായ്ക്കെതിരായ മത്സരത്തിന് ശേഷമുള്ള ടെലിവിഷന്‍ അഭിമുഖങ്ങളിലാണ് താന്‍ ഇനി ജര്‍മന്‍ ജേഴ്‌സിയില്‍ കളിക്കില്ലെന്ന് നോയര്‍ വ്യക്തമാക്കിയത്.
ലോകകപ്പിന് തൊട്ടുമുമ്പ് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് തിരിച്ചെത്തിയ നോയര്‍, അവസാന മത്സരം ഇത്തരത്തില്‍ അവസാനിക്കേണ്ടി വന്നതിലുള്ള അതീവ ദുഃഖം പങ്കുവെച്ചു. 'ഇങ്ങനെയൊരവസാനം വളരെ വേദനാജനകമാണ്,' അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാരഗ്വായ്ക്കെതിരായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ജര്‍മനി പുറത്തായത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിച്ചതിനെത്തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ഒരു പെനാല്‍റ്റി തടയാന്‍ നോയറിന് സാധിച്ചെങ്കിലും, സഹതാരങ്ങള്‍ക്ക് ലക്ഷ്യം കാണാനാകാതെ പോയത് തിരിച്ചടിയായി.
രണ്ടാം വട്ടം വിരമിക്കല്‍
2024 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ശേഷം നോയര്‍ നേരത്തെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചിരുന്നു. എന്നാല്‍, പിന്നീട് ജര്‍മ്മന്‍ കോച്ച് ജൂലിയന്‍ നഗല്‍സ്മാന്‍ അദ്ദേഹത്തെ ടീമിലേക്ക് തിരികെ വിളിക്കുകയായിരുന്നു. ഇതിനായി അതുവരെ ഗോള്‍വല കാത്തിരുന്ന ഒലിവര്‍ ബൗമനെ ഒഴിവാക്കി നോയറിനെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
2009-ല്‍ ജര്‍മ്മനിത്തിനായി അരങ്ങേറ്റം കുറിച്ച നോയര്‍, 2014-ല്‍ ലോകകപ്പ് നേടിയ ജര്‍മ്മന്‍ ടീമിലെ അംഗമായിരുന്നു. ആ വിജയടീമില്‍ അവശേഷിച്ച ഒരേയൊരു താരവും അദ്ദേഹമായിരുന്നു. 128 അന്താരാഷ്ട്ര മത്സരങ്ങളിലാണ് നോയര്‍ ജര്‍മനിയെ പ്രതിനിധീകരിച്ചത്.

