പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മറെ പിഎസ്‌ജി ക്ലബിൽ പിടിച്ചുനിര്‍ത്തേണ്ട കാര്യമില്ലെന്ന് തുറന്നടിച്ച് സഹതാരം മാര്‍ക്കോ വെറാറ്റി. ബാഴ്‌സലോണയിലേക്ക് മാറാന്‍ നെയ്‌മര്‍ താല്‍പര്യപ്പെട്ടാല്‍ ക്ലബ് അനുമതി നൽകണമെന്നും വെറാറ്റി പറഞ്ഞു.

സ്‌പാനിഷ് ലീഗിലേക്ക് മടങ്ങാന്‍ നെയ്‌മര്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹം ശക്തമായിരിക്കെയാണ് പിഎസ്‌ജി താരത്തിന്‍റെ പ്രസ്താവന. നെയ്‌മര്‍ പിഎസ്‌ജിയിൽ തുടരണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും വെറാറ്റി പറഞ്ഞു. 2012ൽ പിഎസ്ജിയിലെത്തിയ വെറാറ്റി ക്ലബിനായി 182 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

നെയ്‌മര്‍ക്ക് ക്ലബില്‍ മടങ്ങിയെത്താന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പിഎസ്‌ജി താരവുമായി ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ബാഴ്‌സ വൈസ് പ്രസിഡന്‍റ് ജോര്‍ദി കാര്‍ദോണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 2017ല്‍ റെക്കോര്‍ഡ് തുകയായ 222 മില്യണ്‍ യൂറോയ്‌ക്കാണ് നെയ്‌മര്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്.