ഫിലാഡൽഫിയയിൽ നടന്ന ഫ്രാൻസ്-ഇറാഖ് ഫിഫ ലോകകപ്പ് മത്സരം കനത്ത മഴയും ഇടിമിന്നലും കാരണം തടസ്സപ്പെട്ടു. ആദ്യ പകുതിയിൽ കിലിയൻ എംബാപ്പെയുടെ ഗോളിൽ ഫ്രാൻസ് മുന്നിട്ടുനിൽക്കെയാണ് കളി നിർത്തിവെച്ചത്. അമേരിക്കയിലെ കർശനമായ കാലാവസ്ഥാ സുരക്ഷാ പ്രോട്ടോക്കോൾ കാരണം മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിക്കാൻ വൈകുകയാണ്.
ഫിലാഡല്‍ഫിയ: 2026 ഫിഫ ലോകകപ്പില്‍ ആദ്യമായി കനത്ത കാലാവസ്ഥാ വ്യതിയാനം മത്സരത്തെ ബാധിച്ചു. ഫിലാഡല്‍ഫിയയില്‍ നടന്ന ഫ്രാന്‍സ്-ഇറാഖ് മത്സരത്തിനിടെയാണ് ശക്തമായ മഴയും ഇടിമിന്നലും കാരണം കളി തടസ്സപ്പെട്ടത്. മത്സരം തുടങ്ങിയതിന് അരമണിക്കൂറിന് ശേഷം മഴ കനത്തു. ആദ്യ പകുതിയില്‍ കിലിയന്‍ എംബാപ്പെയുടെ ഗോളിലൂടെ ഫ്രാന്‍സ് 1-0ന് മുന്നിട്ടുനില്‍ക്കുമ്പോഴാണ് ഇടിമിന്നല്‍ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ ഇടവേള. എന്നാല്‍ ആദ്യ പകുതിക്ക് ശേഷവും താരങ്ങള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയില്ല.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധകരോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കി. ഇടിമിന്നല്‍ തുടര്‍ന്നതിനാല്‍ നിശ്ചിത സമയത്ത് രണ്ടാം പകുതി ഇപ്പോഴും ആരംഭിക്കാന്‍ സാധിച്ചില്ല. അമേരിക്കയിലെ കാലാവസ്ഥാ പ്രോട്ടോക്കോള്‍ അനുസരിച്ച്, സ്റ്റേഡിയത്തിന്റെ എട്ട് മൈല്‍ ചുറ്റളവില്‍ മിന്നലോ മറ്റ് വൈദ്യുത പ്രകടനങ്ങളോ കണ്ടാല്‍ മത്സരം ഉടന്‍ നിര്‍ത്തിവെക്കണം. ആരാധകര്‍ സ്റ്റേഡിയത്തിനുള്ളിലെ സുരക്ഷിത താവളങ്ങളിലേക്ക് മാറണം. കളിക്കാരും മാച്ച് ഒഫീഷ്യലുകളും ഡ്രസ്സിംഗ് റൂമുകളിലേക്ക് മടങ്ങണം.
അപകടകരമായ സാഹചര്യങ്ങള്‍ മാറി, അവസാനമായി മിന്നല്‍ കണ്ടതിന് ശേഷം തുടര്‍ച്ചയായി 30 മിനിറ്റ് ഒരു മിന്നലും ഇല്ലാത്ത അവസ്ഥയുണ്ടായാല്‍ മാത്രമേ കളി പുനരാരംഭിക്കാന്‍ അനുവാദമുള്ളൂ. ഇതിനിടയില്‍ വീണ്ടും മിന്നല്‍ കണ്ടാല്‍, 30 മിനിറ്റെന്ന കണക്കുകൂട്ടല്‍ വീണ്ടും ആദ്യത്തില്‍ നിന്ന് തുടങ്ങും. ഈ സുരക്ഷാ പ്രോട്ടോക്കോള്‍ ഫിഫയുടേതല്ല. അതിനാല്‍, അവര്‍ക്ക് ഈ തീരുമാനങ്ങളില്‍ ഇടപെടാനോ ഇത് മറികടക്കാനോ അധികാരമില്ല.
കഴിഞ്ഞകാല അനുഭവങ്ങള്‍
അമേരിക്കയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാലാവസ്ഥ മൂലം തടസ്സപ്പെടുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ വര്‍ഷം നടന്ന ക്ലബ് ലോകകപ്പില്‍ ആറ് മത്സരങ്ങള്‍ ആകെ എട്ടര മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. ചെല്‍സിയും ഡോര്‍ട്മുണ്ടും തമ്മിലുള്ള മത്സരം നാല് മണിക്കൂറിലേറെയാണ് നീണ്ടുനിന്നത്.
ഫിലാഡല്‍ഫിയയിലെ ഈ പ്രതിസന്ധിക്ക് പുറമെ, ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന നോര്‍വേ-സെനഗല്‍ മത്സരത്തിനും കനത്ത കാറ്റും മഴയും ഭീഷണിയുയര്‍ത്തിയിരുന്നു. ഇതോടെ അമേരിക്കയില്‍ നടക്കുന്ന മറ്റ് ലോകകപ്പ് മത്സരങ്ങളിലും സമാനമായ തടസ്സങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് അധികൃതരും ആരാധകരും.

