ഫിഫ ലോകകപ്പ് നിയമാവലി അനുസരിച്ച്, ടൂർണമെന്‍റിന്‍റെ അവസാനം രണ്ടോ അതിലധികമോ കളിക്കാർ തുല്യ ഗോളുകളുമായി ഒപ്പത്തിനൊപ്പം എത്തിയാൽ, ഒന്നാം സ്ഥാനക്കാരനെ കണ്ടെത്താനുള്ള ആദ്യ മാര്‍ഗം അസിസ്റ്റുകളുടെ എണ്ണമാണ്.

മെക്സിക്കോ സിറ്റി: ലോകകപ്പിലെ നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ആവേശം പകര്‍ന്ന് ടൂര്‍ണമെന്‍റിലെ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന‍ ബൂട്ട് പോരാട്ടവും. ഏഴ് ഗോള്‍ വിതമടിച്ച ഫ്രാന്‍സ് നായകൻ കിലിയന്‍ എംബാപ്പെയും അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയും നോർവെ സൂപ്പര്‍ താരം ഏര്‍ലിംഗ് ഹാലന്‍ഡും നിലവില്‍ ഒന്നാം സ്ഥാനത്താണ്. ആറ് ഗോളടിച്ച് ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ന്‍ തൊട്ടുപിന്നിലായി നാലാം സ്ഥാനത്തുണ്ട്. മെക്സിക്കോയ്ക്കെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിൽ പെനാൽറ്റി വലയിലെത്തിച്ചാണ് കെയ്ൻ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ടോപ് ഫോറിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടിച്ചത് 7 ഗോള്‍ വീതം, എന്നിട്ടും എന്തുകൊണ്ട് ഹാലന്‍ഡ് മൂന്നാമത്

മൂവരും 7 ഗോളുകള്‍ നേടിയിട്ടും എംബാപ്പെയും മെസിയും എങ്ങനെ ഹാലന്‍ഡിന് മുന്നിലെത്തി എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം. ഫിഫ ലോകകപ്പ് നിയമാവലി അനുസരിച്ച്, ടൂർണമെന്‍റിന്‍റെ അവസാനം രണ്ടോ അതിലധികമോ കളിക്കാർ തുല്യ ഗോളുകളുമായി ഒപ്പത്തിനൊപ്പം എത്തിയാൽ, ഒന്നാം സ്ഥാനക്കാരനെ കണ്ടെത്താനുള്ള ആദ്യ മാര്‍ഗം അസിസ്റ്റുകളുടെ എണ്ണമാണ്. അതായത് സഹതാരങ്ങൾക്ക് ഗോൾ അടിക്കാൻ എത്ര തവണ കൃത്യമായി പന്ത് കൈമാറി എന്നത് ഇവിടെ നിർണായകമാകും. നിലവിലെ കണക്കുകൾ അനുസരിച്ച് എംബാപ്പെ 7 ഗോളുകൾ അടിച്ചതിനൊപ്പം 2 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് മെസിയെയും ഹാലന്‍‍ഡിനെയും മറികടന്ന് എംബാപ്പെ ഒന്നാമനായത്. സെനഗൽ, ഇറാഖ്, സ്വീഡൻ എന്നിവർക്കെതിരെ ഇരട്ട ഗോളുകൾ നേടിയ എംബാപ്പെ, പ്രീ-ക്വാർട്ടറിൽ പരാഗ്വേയ്ക്കെതിരെ ഫ്രാൻസിന്റെ വിജയഗോളും (1-0) സ്വന്തമാക്കി. 482 മിനിറ്റുകളാണ് എംബാപ്പെ ഗ്രൗണ്ടിലുണ്ടായിരുന്നത്.

മെസി എങ്ങനെ രണ്ടാമനായി

ഏര്‍ലിംഗ് ഹാലന്‍ഡും ലിയോണല്‍ മെസിയും അടിച്ചത് 7 ഗോള്‍ വീതമാണ്. ഇരുവര്‍ക്കും അസിസ്റ്റുകളില്ല. ഈ സാഹചര്യത്തിലും മെസി എങ്ങനെ രണ്ടാമനായി എന്നതാണ് അരാധകരുടെ അടുത്ത സംശയം. അടിച്ച ഗോളുകളുടെ എണ്ണവും അസിസ്റ്റുകളുടെ എണ്ണവും ഒരുപോലെയാണെങ്കിൽ ഫിഫ അടുത്തതായി പരിഗണിക്കുക ഗ്രൗണ്ടില്‍ ചിലവഴിച്ച ആകെ മിനിറ്റുകളാണ്. ഏറ്റവും കുറഞ്ഞ സമയം കളിച്ച് കൂടുതൽ ഗോളുകൾ നേടിയ കളിക്കാരന് (കൂടുതൽ സ്കോറിങ് കാര്യക്ഷമതയുള്ളയാൾക്ക്) മുൻഗണന ലഭിക്കും. ഹാലന്‍ഡിനെ അപേക്ഷിച്ച് ലിയോണല്‍ മെസി കുറഞ്ഞ മിനിറ്റുകളാണ് കളിച്ചിരിക്കുന്നത്.

നോര്‍വെയുടെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം കഴിഞ്ഞതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ കളിക്കാതിരുന്നിട്ടും ഹാലന്‍ഡ് 416 മിനിറ്റുകളാണ് ഗ്രൗണ്ടിലുണ്ടായിരുന്നത്. അര്‍ജന്‍റീനയുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരം നടക്കാനിരിക്കുന്നതേയുള്ളൂവെന്നതിനാല്‍ മെസി 361 മിനിറ്റുകള്‍ മാത്രമാണ് ഗ്രൗണ്ടിലുണ്ടായിരുന്നത്. ഇതാണ് ഹാലന്‍ഡിനെ മറികടന്ന് മെസി മുന്നിലെത്താൻ കാരണം. ഗ്രൂപ്പ് ഘട്ടത്തില്‍ ജോര്‍ദാനെതിരായ മത്സരത്തില്‍ രണ്ടാം പകുതിയില്‍ പകരക്കാരനായാണ് മെസി ഇറങ്ങിയത്. അൾജീരിയക്കെതിരെ ഹാട്രിക്കോടെ തുടങ്ങിയ മെസി, ഓസ്ട്രിയക്കെതിരെ ഇരട്ട ഗോളുകളും ജോർദാൻ, കേപ് വെർദെ എന്നിവർക്കെതിരെ ഓരോ ഗോൾ വീതവും നേടി.

ഇറാഖ്, സെനഗൽ എന്നിവർക്കെതിരെ ഇരട്ട ഗോളുകൾ നേടിയ ഹാലൻഡാകട്ടെ ഐവറി കോസ്റ്റിനെതിരെ ഒരു ഗോളും, പ്രീ-ക്വാർട്ടറിൽ ബ്രസീലിനെതിരെ ഇരട്ട ഗോളും നേടി. ആറ് ഗോളുകളുമായി നാലാം സ്ഥാനത്തുള്ള ഹാരി കെയ്നിന് ഒരു അസിസ്റ്റുമുണ്ട്. ക്രോയേഷ്യക്കെതിരെ ഇരട്ട ഗോളോടെ തുടങ്ങിയ കെയ്ൻ, പനാമ, ഡി.ആർ കോംഗോ എന്നിവർക്കെതിരെയും സ്കോർ ചെയ്തു. മെക്സിക്കോയ്ക്കെതിരായ പ്രീ-ക്വാർട്ടറിലെ ഗോളാണ് കെയ്നെ പോരാട്ടത്തിൽ സജീവമാക്കി നിർത്തിയത്.489 മിനിറ്റുകളാണ് കെയ്ന്‍ ഗ്രൗണ്ടിലുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക