ലീഡ്‌സ്: സൂപ്പര്‍ താരങ്ങളായ നെയ്‌മറും കിലിയന്‍ എംബാപ്പേയും തമ്മിലുള്ള ആത്മബന്ധം ടീമിന് നിര്‍ണായകമാണെന്ന് പിഎസ്‌ജി പരിശീലകന്‍ തോമസ് ടച്ചല്‍. ഫ്രഞ്ച് ലീഗില്‍ പിഎസ്‌ജിയുടെ കുതിപ്പ് ഇരുവരയും ആശ്രയിച്ചിരിക്കുമെന്നും അദേഹം പറഞ്ഞു. 

രണ്ട് പേര്‍ക്കുമിടയിലെ ബന്ധം നിര്‍ണായകമാണ്. ഒട്ടേറെ സാധ്യതകള്‍ തങ്ങള്‍ക്കായി തുറക്കാന്‍ ഇരുവര്‍ക്കുമാകും. പരുക്കുമൂലം ആഴ്‌ചകളോളം എംബാപ്പേക്ക് കളിക്കാനായില്ല. 90 മിനുറ്റും കളിക്കുക അസാധ്യമായിരുന്നതിനാല്‍ താരത്തിന്‍റെ പരിക്ക് മാറാനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അടുത്ത മത്സരത്തില്‍ എംബാപ്പേയും ഇക്കാര്‍ഡിയും കളിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്- ടച്ചല്‍ പറഞ്ഞതായി ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്‌തു. 

നെയ്‌മര്‍ക്കെതിരെ സീസണിലെ ആദ്യ മത്സരങ്ങളില്‍ പിഎസ്‌ജി കാണികള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നെയ്‌മറെ അപമാനിച്ച് ഗാലറിയില്‍ ബാനറുകള്‍ ഉയര്‍ത്തുകയും നിരന്തരം കൂവിവിളിക്കുകയും ചെയ്തു. ബാഴ്‌സലോണയിലേക്ക് മടങ്ങാന്‍ ബ്രസീലിയന്‍ താരം നടത്തിയ ശ്രമങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചത്. സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ നെയ്‌മര്‍ കളിച്ചിരുന്നില്ല. നെയ്‌മര്‍ ക്ലബിന് പുറത്തുപോകണം എന്ന് എഴുതിയ ബാനറുകള്‍ ഈ മത്സരങ്ങളില്‍ കാണാമായിരുന്നു.