ജനുവരി മൂന്നിന് പാരീസിൽ എത്തിയാൽ 11നുള്ള മത്സരത്തിലാകും മെസി പിഎസ്ജിക്കായി കളത്തിലിറങ്ങുക. ലോകകപ്പ് ഫൈനലിൽ കളിച്ചെങ്കിലും ഇതിനകം ഫ്രാൻസ് താരം കിലിയൻ എംബാപ്പെ പിഎസ്ജിക്കൊപ്പം ചേർന്നു കഴിഞ്ഞു
പാരീസ്: അർജന്റൈൻ നായകൻ ലിയോണൽ മെസി ജനുവരി മൂന്നിന് തന്റെ ക്ലബ്ബായ പിഎസ്ജിക്കൊപ്പം ചേരുമെന്ന് റിപ്പോർട്ട്. പുതുവർഷവും അർജന്റീനയിൽ തന്നെ ആഘോഷിച്ച ശേഷമാകും മെസി തിരികെ പാരീസിലെത്തുക. ലോകകപ്പ് വിജയത്തിന് ശേഷം അർജന്റീനയിൽ തന്റെ രാജ്യത്തിന്റെ ആഘോഷത്തിനൊപ്പം ചേരാനായി മെസി പറന്നിരുന്നു. എന്തായാലും താരത്തിന് അതിവേഗം പാരീസിലേക്ക് മടങ്ങിയെത്താൻ ആഗ്രഹമില്ലെന്നാണ് റിപ്പോർട്ടുകൾ.
ജനുവരി മൂന്നിന് പാരീസിൽ എത്തിയാൽ 11നുള്ള മത്സരത്തിലാകും മെസി പിഎസ്ജിക്കായി കളത്തിലിറങ്ങുക. ലോകകപ്പ് ഫൈനലിൽ കളിച്ചെങ്കിലും ഇതിനകം ഫ്രാൻസ് താരം കിലിയൻ എംബാപ്പെ പിഎസ്ജിക്കൊപ്പം ചേർന്നു കഴിഞ്ഞു. ഫ്രഞ്ച് ക്ലബ് പാരിസ് ജര്‍മ്മനുമായുള്ള കരാര്‍ പുതുക്കാൻ അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി വാക്കാൽ ധാരണയായതായി റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ക്ലബ് ഭാരവാഹികളും മെസിയും തമ്മില്‍ കരാര്‍ സംബന്ധിച്ചുള്ള ഔദ്യോഗിക ചർച്ചകള്‍ ഉടൻ നടക്കും.
പിഎസ്ജിയുമായുള്ള ലിയോണൽ മെസ്സിയുടെ രണ്ട് വര്‍ഷ കരാര്‍ ഈ സീസണിനൊടുവിൽ അവസാനിക്കും. കരാര്‍ നീട്ടാൻ ക്ലബ് ഏറെക്കാലമായി ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും എല്ലാം ലോകകപ്പിന് ശേഷം പറയാമെന്നായിരുന്നു മെസിയുടെ ഇതുവരെയുള്ള പ്രതികരണം. ലോകകപ്പെന്ന തന്‍റെ ഏറ്റവും വലിയ സ്വപ്നം മെസ്സി സാക്ഷാത്കരിച്ച മെസിക്ക് മുന്നിലുള്ള വലിയ ചോദ്യം അടുത്ത സീസണിൽ ഏത് ക്ലബിലേക്കെന്നുള്ളതാണ്. പി എസ് ജിയില്‍ ഒരു വര്‍ഷം കൂടി തുടരാന്‍ മെസിയും ക്ലബ്ബും വാക്കാൽ ധാരണയിലെത്തിയെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലിയോണൽ മെസിയെയും കിലിയന്‍ എംബാപ്പെയെയും പിഎസ്ജിയിൽ നിലനിര്‍ത്തണമെന്നാണ് ആഗ്രഹമെന്ന് ക്ലബ്ബ് പ്രസിഡന്‍റ് നാസര്‍ അൽ ഖെലൈഫി വ്യക്തമാക്കിയിരുന്നു. ലോകകപ്പിലെ മികച്ച താരം, മികച്ച ഗോള്‍നേട്ടക്കാരൻ എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയവരാണ് ഇരുവരും. മെസിയും എംബാപ്പെയും ക്ലബ്ബിൽ തുടരുമെന്നാണ് പ്രതീക്ഷ. മെസിയെ കുറിച്ച് കൂടുതൽ ഇപ്പോള്‍ പറയുന്നില്ലെന്നും, സൂപ്പര്‍താരവുമായി സംസാരിക്കാന്‍ ഒരുങ്ങുകയാണെന്നും പിഎസ്ജി പ്രസിഡന്‍റ് വ്യക്തമാക്കി.
'മെസിയായിരുന്നില്ല ഗോൾഡൻ ബോൾ അർഹിച്ചിരുന്നത്'; മറ്റൊരു താരത്തെ വാനോളം പുകഴ്ത്തി ബ്രസീലിയൻ ഇതിഹാസം
