ലോകകപ്പിൽ അൾജീരിയക്കെതിരെ നടന്ന മത്സരത്തിൽ ലിയോണൽ മെസിയുടെ ഗോളിൽ അർജന്റീന ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലാണ്.
കാൻസാസ് സിറ്റി: ലോകകപ്പില്‍ അള്‍ജീരിയക്കെതിരെ ആദ്യ പകുതിയില്‍ അര്‍ജന്‍റീന ഒരു ഗോളിന് മുന്നില്‍. കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് മത്സരത്തിൽ നായകന്‍ ലിയോണല്‍ മെസിയുടെ ഗോളിലാണ് അര്‍ജന്‍റീന ലീഡെടുത്തത്. അർജന്റീന ജേഴ്സിയിൽ തന്‍റെ 200-ാം അന്താരാഷ്ട്ര മത്സരത്തില്‍ ഗോള്‍ നേടിയാണ് മെസി അര്‍ജന്‍റീനക്ക് ലീഡ് സമ്മാനിച്ചത്. അൾജീരിയക്കെതിരായ ഗോളോടെ ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളില്‍ കിലിയന്‍ എംബാപ്പെക്കൊപ്പം മൂന്നാം സ്ഥാനത്തേക്ക് ഉയരാനും മെസിക്കായി. ബ്രസീല്‍ ഇതിഹാസതാരം റൊണാള്‍ഡോയും(15) ജര്‍മനിയുടെ മിറോസോവ് ക്ലോസെയുമാണ്(16) ഇനി മെസിക്ക് മുന്നിലുള്ളത്.
വാറും ഓഫ്‌സൈഡ് കെണികളും
തുടക്കം മുതൽ ഇരുടീമുകളും ആക്രമിച്ച് കളിച്ചതോടെ കളി ആവേശഭരിതമായി. മത്സരത്തിന്‍റെ ആറാം മിനിറ്റിൽ തന്നെ മെസി അൽജീരിയൻ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. പിന്നീട് വാർ പരിശോധനയിലും ഓഫ്‌സൈഡ് സ്ഥിരീകരിച്ചു. തൊട്ടുപിന്നാലെ ഒൻപതാം മിനിറ്റിൽ പ്രത്യാക്രമണത്തിലൂടെ അൽജീരിയയുടെ ഫാരെസ് ചൈബി അർജന്‍റീനിയൻ വലയിൽ പന്തെത്തിച്ചെങ്കിലും അതും ഓഫ്‌സൈഡ് കെണിയിൽ വീണു.
മത്സരത്തിന്റെ 17-ാം മിനിറ്റിലാണ് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തിയ മെസി മാജിക് കണ്ട്ത. മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച്, അൽജീരിയൻ പ്രതിരോധത്തെ അനായാസം വെട്ടിച്ച് മുന്നേറിയ മെസി ബോക്സിന് പുറത്തുനിന്ന് തൊടുത്ത ലോംഗ് റേഞ്ചര്‍ അൽജീരിയൻ ഗോൾകീപ്പർ ലൂക്ക സിദാന്‍റെ കൈകളെ മറികടന്ന് പോസ്റ്റിന്റെ വലതുമൂലയിലേക്ക് തുളച്ചുകയറി. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ മെസിയുടെ ആകെ ഗോൾ നേട്ടം 14 ആയി ഉയർന്നു.
അണ്ടർഡോഗുകളായിട്ടാണ് എത്തിയതെങ്കിലും ലോക ചാമ്പ്യന്മാർക്കെതിരെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് അൽജീരിയ പുറത്തെടുത്തത്. പ്രത്യേകിച്ച് അവരുടെ പത്താം നമ്പർ താരം ഫാരെസ് ചൈബി അർജന്‍റീനിയൻ പ്രതിരോധത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചു. എന്നാൽ മികച്ച ഫോമിലായിരുന്ന അർജന്‍റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് അൽജീരിയയുടെ സമനില ശ്രമങ്ങളെല്ലാം നിഷ്പ്രഭമാക്കി. ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ ഫ്രാൻസ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സെനഗലിനെയും, നോർവേ 4-1 ന് ഇറാഖിനെയും പരാജയപ്പെടുത്തിയിരുന്നു.
