ബാഴ്‌സലോണ: ചാംപ്യന്‍സ് ലീഗ് കിരീടം തിരിച്ചുപിടിക്കുകയാണ് ഈ സീസണില്‍ ബാഴ്‌സലോണയുടെ ഏറ്റവും വലിയ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ ലിയോണല്‍ മെസി. നിലവിലെ ടീമിന് സീസണിലെ എല്ലാ കിരീടങ്ങളും നേടാനുള്ള കരുത്തുണ്ടെന്ന് കോച്ച് ഏണസ്റ്റോ വെല്‍വെര്‍ദേയും വ്യക്തമാക്കി. ഹോം ഗ്രൗണ്ടായ നൗകാംപില്‍ ഈ സീസണുള്ള ടീമിനെ അവതരിപ്പിച്ചപ്പോഴാണ് ചാംപ്യന്‍സ് ലീഗ് കിരീടമെന്ന ഉറപ്പ് ക്യാപ്റ്റന്‍ മെസിയും കോച്ച് വെല്‍വെര്‍ദേയും ആരാധകര്‍ക്ക് നല്‍കിയത്.

മെസി തുടര്‍ന്നു... ''കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗ് കിരീടം നേടാനായില്ല. എന്നാല്‍ പത്തുവര്‍ഷത്തിനിടെ എട്ടുതവണയും ലാ ലീഗ കിരീടം നമുക്കൊപ്പമുണ്ട്. ഈവര്‍ഷം ചാംപ്യന്‍സ് ലീഗ് അടക്കം എല്ലാ കിരീടങ്ങളും നൗകാംപിലെത്തും. സഹതാരങ്ങളിലും പരിശീലകരിലും പൂര്‍ണവിശ്വാസമുണ്ട്.'' മെസി പറഞ്ഞുനിര്‍ത്തി. 

കഴിഞ്ഞ സീസണിലെ പിഴവുകള്‍ പരിഹരിക്കും എന്നായിരുന്നു കോച്ച് വെല്‍വെര്‍ദേയുടെ വ്യക്തമാക്കിയത്. കഴിഞ്ഞ സീസണ്‍ സമ്മിശ്രമായിരുന്നു. ഇത്തവണ നാല് കിരീടമാണ് ടീം ലക്ഷ്യമിടുന്നത്. അത് സാധ്യമാക്കാന്‍ ശേഷിയുള്ള താരങ്ങളാണ് ബാഴ്‌സലോണയ്ക്കുള്ളതെന്നും അദ്ദേഹം ഉറപ്പുനല്‍കി.