Asianet News MalayalamAsianet News Malayalam

മെസിക്ക് കനത്ത തിരിച്ചടി; മൂന്ന് മാസം വിലക്കും വമ്പന്‍ പിഴയും

കോപ്പ അമേരിക്ക സംഘാടകര്‍ക്ക് എതിരെ ഒത്തുകളി ആരോപണം ഉന്നയിച്ച മെസിക്ക് വിലക്കും പിഴയും. അര്‍ജന്‍റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിന് തിരിച്ചടി. 

Messi suspended three months
Author
Buenos Aires, First Published Aug 3, 2019, 9:03 AM IST

ബ്യൂണസ് ഐറിസ്: അര്‍ജന്‍റീനന്‍ ഫുട്ബോള്‍ താരം ലിയോണല്‍ മെസിക്ക് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ലാറ്റിനമേരിക്കല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മൂന്ന് മാസം വിലക്കും 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തി. കോപ്പ അമേരിക്ക സംഘാടകര്‍ക്ക് എതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചതിന്‍റെ പേരിലാണ് നടപടി. ഏഴ് ദിവസത്തിനകം മെസിക്ക് അപ്പീല്‍ നല്‍കാം.

നവംബര്‍ മൂന്നിന് മാത്രമേ മെസിക്ക് അന്താരാഷ്ട്ര ഫുട്ബോളിലേക്ക് തിരിച്ചെത്താനാകൂ. സെപ്റ്റംബര്‍ അഞ്ചിന് ചിലെക്കും അഞ്ച് ദിവസത്തിന് ശേഷം മെക്‌സിക്കോയ്‌ക്കും ഒക്‌ടോബര്‍ ഒന്‍പതിന് ജര്‍മനിക്കും എതിരായ സൗഹൃദ മത്സരങ്ങള്‍ മെസിക്ക് നഷ്ടമാകും. കോപ്പ അമേരിക്കയില്‍ ചിലെക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയതിനാല്‍ ഒരു ലോകകപ്പ് യോഗ്യതാ മത്സരവും മെസിക്ക് കളിക്കാനാവില്ല. 

ചിലെക്കെതിരായ മല്‍സരശേഷം റഫറിക്കെതിരെ മെസി ഗുരുതര വിമർശനമാണ് ഉന്നയിച്ചത്. കോപ്പയില്‍ അര്‍ജന്‍റീന മൂന്നാം സ്ഥാനം നേടിയെങ്കിലും മെഡല്‍ വാങ്ങാതെ മെസി മടങ്ങി. അഴിമതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് മെസി മെഡല്‍ സ്വീകരിക്കാതിരുന്നത്. ബ്രസീലിന് കിരീടം നല്‍കാനായി പദ്ധതി തയ്യാറാക്കിവച്ചിരുന്നതായും മെസി ആരോപിച്ചിരുന്നു. കോപ്പ അമേരിക്കയോടുള്ള ബഹുമാനക്കുറവാണ് മെസി കാണിച്ചതെന്ന് ആരോപണങ്ങള്‍ തള്ളിയ കോണ്‍ഫെഡറേഷന്‍ അന്ന് വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios