ബാഴ്‌സലോണ: ബാഴ്‌സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ പരിക്കില്‍ ആശങ്ക വേണ്ടെന്ന് ക്ലബ് വ്യക്തമാക്കി. ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ നാപോളിക്കെതിരായ രണ്ടാംപാദ മത്സരത്തിനിടെയാണ് മെസിക്ക് പരിക്കേറ്റത്. നാപോളി പ്രതിരോധതാരം കൗലിബാലിയുടെ ചവിട്ടേറ്റാണ് മെസിക്ക് പരിക്കേറ്റിരുന്ന്. താരം മത്സരം പൂര്‍ത്തിയാക്കിയെങ്കിലും പരിക്കിന്റെ കാര്യത്തില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നു.

പരിക്ക് സാരമുള്ളതല്ലെന്നും ബയേണ്‍ മ്യൂനിച്ചിനെതിരെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ താരം കളിക്കുമെന്നും ബാഴ്‌സലോണ അറിയിച്ചു. മികച്ച ഫോമില്‍ ഉള്ള ബയേണെ മറികടക്കുക ബാഴ്‌സലോണക്ക് ഒട്ടും എളുപ്പമാകില്ല. എന്നാല്‍ മെസി പൂര്‍ണഫിറ്റാണെന്നുള്ളത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ ഈ 13നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുക. പിഎസ്ജി- അറ്റ്‌ലാന്റ മത്സരമാണ് ആദ്യം. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30നാണ് അത്‌ലറ്റികോയുടെ മത്സരം. അടുത്തദിവസമാണ് ബാഴ്‌സ- ബയേണ്‍ മത്സരം. 16ന് മാഞ്ചസ്റ്റര്‍ സിറ്റി ലിയോണിനെ നേരിടും.