ആദ്യ പകുതിയിൽ 2 ഗോളിന് മുന്നിട്ടു നിന്ന അര്‍ജന്‍റീനയെ ഞെട്ടിച്ച് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ ജോര്‍ദാന്‍ തിരിച്ചടിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ നായകന്‍ ലിയോണല്‍ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ അര്‍ജന്‍റീന ജയമുറപ്പിച്ചു.
ഡാളസ്: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപ്പോരാട്ടത്തിൽ ജോർദാനെതിരെ ഒന്നിലെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അർജന്‍റീന. ആദ്യ പകുതിയിൽ 2 ഗോളിന് മുന്നിട്ടു നിന്ന അര്‍ജന്‍റീനയെ ഞെട്ടിച്ച് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ ജോര്‍ദാന്‍ തിരിച്ചടിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ നായകന്‍ ലിയോണല്‍ മെസിയുടെ ഫ്രീ കിക്ക് ഗോളിലൂടെ അര്‍ജന്‍റീന ജയമുറപ്പിച്ചു. ആദ്യ പകുതിയില്‍ ഫ്രീ കിക്കില്‍ നിന്ന് ലോ സെല്‍സോയും പെനല്‍റ്റിയില്‍ നിന്ന് ലൗതാരോ മാര്‍ട്ടിനെസും അര്‍ജന്‍റീനക്കായി സ്കോര്‍ ചെയ്തപ്പോള്‍ 55-ാം മിനിറ്റില്‍ മുസ അല്‍ ടമാരിയ ആണ് ജോര്‍ദാന്‍റെ ആശ്വാസ ഗോള്‍ നേടിയത്. ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്. തുടര്‍ച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കി. ലോകകപ്പിലെ ഗോള്‍ എണ്ണം മെസി 19 ആക്കി ഉയര്‍ത്തി.
മത്സരത്തിന്‍റെ തുടക്കം മുതൽ പന്തടക്കത്തിൽ അർജന്‍റീനയായിരുന്നു മുന്നിൽ. ലിയോണൽ മെസ്സിയുടെ അസാന്നിധ്യത്തിലും ജൂലിയന്‍ അൽവാരസിന്‍റെയും ലോ സെല്‍സോയുടെയും നിക്കോ പാസിന്‍റെയും നേതൃത്വത്തിൽ അർജന്‍റീന ജോർദാൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു കൊണ്ടിരുന്നു. എന്നാൽ കടുത്ത പ്രതിരോധ കോട്ട തീർത്ത ജോർദാൻ, കൗണ്ടർ അറ്റാക്കുകളിലൂടെ അർജന്‍റീനൻ ഗോൾമുഖത്ത് പലപ്പോഴും വിറപ്പിച്ചു. ജോർദാന്‍റെ സൂപ്പർ താരം മൂസ അൽ-താമാരിയുടെ വേഗതയേറിയ മുന്നേറ്റങ്ങൾ അർജന്‍റീനിയൻ ഡിഫെൻഡർമാർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
മത്സരത്തിന്‍റെ 19-ാം മിനിറ്റിലാണ് ആരാധകർ കാത്തിരുന്ന ആ നിമിഷം പിറന്നത്. ബോക്സിന് പുറത്തു നിന്ന് ലോ സെല്‍സോയെ ജോര്‍ദാന്‍ താരം അബു താഹ ഫൗള്‍ ചെയ്തതിന് റഫറി ഫ്രീ കിക്ക് അനുവദിച്ചു. കിക്ക് എടുത്ത ലോ സെല്‍സോ ജോർദാൻ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയില്‍ കയറ്റിയതോടെ അര്‍ജന്‍റീന മുന്നിലെത്തി. 28-ാം മിനിറ്റില്‍ ബോക്സിലേക്ക് ടാഗ്ലിഫിക്കോയുടെ ലോ ക്രോസിന് ലൗതാരോ മാര്‍ട്ടിനെസിനെ ബോക്സില്‍ ഫൗള്‍ ചെയ്തതിന് വാര്‍ പരിശോധനക്കൊടുവില്‍ റഫറി അര്‍ജന്‍റീനക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത ലൗതാരോ മാര്‍ട്ടിനെസിന് പിഴച്ചില്ല. ലോകകപ്പിലെ ആദ്യ ഗോളോടെ മാര്‍ട്ടിനെസ് അര്‍ജന്‍റീനയുടെ ലീഡ് രണ്ടാക്കി.
ആദ്യ പകുതിയില്‍ 2 ഗോൾ വഴങ്ങിയ ശേഷവും ജോർദാൻ പോരാട്ടവീര്യം കൈവിട്ടില്ല. ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ ജോർദാൻ തുരതുരെ ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും, അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്‍റെ മികച്ച രണ്ട് സേവുകളോടെ അര്‍ജന്‍റീന ലീഡ് നിലനിർത്തി. രണ്ടാം പകുകിയില്‍ 60-ം മിനിറ്റിലാണ് മെസി പകരക്കാരനായി ഗ്രൗണ്ടിലിറങ്ങിയത്. ജോര്‍ദാനെതിരായ ജയത്തോടെ മൂന്ന് കളികളില്‍ 9 പോയിന്‍റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായ അര്‍ജന്‍റീന നോക്കൗട്ടില്‍(റൗണ്ട് ഓഫ് 32) കേപ് വെര്‍ദെയെ നേരിടും.
