കൊല്‍ക്കത്ത: അടുത്ത സീസണ്‍ മുതല്‍ ഐഎസ്എല്ലിലേക്ക് ചേക്കാറാനൊരുങ്ങുന്ന മോഹന്‍ ബഗാന്‍ ഐ ലീഗിലെ അവസാന സീസണ്‍ കിരീട നേട്ടത്തോടെ അവിസ്മരണീയമാക്കി. ഐസ്‌വാള്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ബഗാന്‍ രണ്ടാം ഐ ലീഗ് കീരീടം ഉറപ്പിച്ചത്.

നാലു റൗണ്ട് മത്സരങ്ങള്‍ ബാക്കിയിരിക്കെയാണ് ബഗാന്റെ കിരീടധാരണം. 80-ാം മിനിറ്റില്‍ പാപ്പാ ബാബാകാര്‍ ദിവാരയാണ് ബഗാന്റെ വിജയഗോള്‍ നേടിയത്. സീസണില്‍ ബഗാന്റെ പന്ത്രണ്ടാം ജയമാണിത്. 2014-2015 സീസണില്‍ കിരീടം നേടിയശേഷം ഐ ലീഗില്‍ ബഗാന്റെ ആദ്യ കിരീട നേട്ടമാണിത്.

16 കളികളില്‍ 39 പോയന്റുമായി ബഗാന്‍ കിരീടം ഉറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിനും മിനര്‍വ പഞ്ചാബിനും ഇത്രയും കളികളില്‍ 23 പോയന്റ് മാത്രമാണുള്ളത്. ഇനിയുള്ള മത്സരങ്ങളെല്ലാം ഇരു ടീമുകളും ജയിക്കുകയും ബഗാന്‍ തോല്‍ക്കുകയും ചെയ്താലും പോയന്റ് പട്ടികയില്‍ ബഗാനെ മറികടക്കാന്‍ ഇരു ടീമുകള്‍ക്കുമാവില്ല.

15 കളികളില്‍ 22 പോയന്റുള്ള റിയല്‍ കശ്മീര്‍ ആണ് അഞ്ചാം സ്ഥാനത്ത്. 15 കളികളില്‍ 22 പോയന്റുള്ള ഗോകുലം എഫ്‌സി ആറാം സ്ഥാനത്താണ്. ഐ ലീഗില്‍ ബഗാന്‍ കിരീടം നേടിയതോടെ ഇനി ഐഎസ്എല്‍ ഫൈനലിലേക്കാണ് ആരാധകരുടെ കണ്ണുകള്‍. ഫൈനലില്‍ ഏറ്റുമുട്ടുന്ന എ ടി കെയിലാണ് ബഗാന്‍ ലയിക്കുന്നത്. എ ടി കെ കിരീടം ചൂടിയാല്‍  രണ്ട് ലീഗുകളിലെയും ചാമ്പ്യന്‍മാര്‍ ലയിച്ച് ഒരു ടീമാവുന്നുവെന്ന കൗതുകവും ബാക്കിയുണ്ട്.