മഡ്ഗാവ്: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മുംബൈ സിറ്റി എഫ്‌സി. ഒന്നാം പകുതിയിലെ 38ാം മിനിറ്റില്‍ വിഗ്നേഷ് ദക്ഷിണമൂര്‍ത്തിയും 59ാം മിനിറ്റില്‍ ആദം ലെ ഫോണ്‍ഡ്രെയുമാണ് ഗോള്‍ നേടിയത്. കഴിഞ്ഞ മത്സരങ്ങളില്‍ മിന്നുന്ന പ്രകടനം പുറത്തെടുക്കാന്‍ ഹൈദരാബാദിനായില്ല. മധ്യനിരയുടെ പാളിച്ചയാണ് ഹൈദരാബാദിന് തിരിച്ചടിയായത്. സൂപ്പര്‍ സ്റ്റാര്‍ അരിഡാനെ സാന്റാനയും തിളങ്ങിയില്ല. ലഭിച്ച അവസരങ്ങള്‍ പാഴാക്കിയതാണ് ഹൈദരബാദിന്റെ തോല്‍വിക്ക് കാരണമായത്.

ഒന്നാം പകുതിയില്‍ 38ാം മിനിറ്റില്‍ വിഗ്നേഷ് ദക്ഷിണമൂര്‍ത്തിയുടെ കിടിലന്‍ ഗോളാണ് മുംബൈയെ മുന്നിലെത്തിച്ചത്. അഹമ്മദ് ജാഹു മറിച്ചു നല്‍കിയ പന്ത് നിലം തൊതാടെ ഇടത് മൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. 44ാം മിനിറ്റില്‍ സമനില നേടാനുള്ള സുവര്‍ണാവസരം ഹൈദരാബാദ് നഷ്ടപ്പെടുത്തി. ആകാശ് മിശ്ര നല്‍കിയ ക്രോസ് വലയിലെത്തിക്കാന്‍ യാസിറിന് കഴിഞ്ഞില്ല. രണ്ടാം പകുതി പിന്നിട്ട് 59ാം മിനിറ്റിലെത്തിയപ്പോള്‍ ആദം ലേ ഫോണ്‍ഡ്രെ രണ്ടാം ഗോളും നേടി.